സ്കൂളുകളില്‍ പഠിപ്പിക്കുന്നത് നന്നായി പഠിച്ചാല്‍ സിവില്‍ സര്‍വീസ് ലഭിക്കും: ജില്ലാ കളക്റ്റര്‍ മേഘശ്രീ.
കല്‍പ്പറ്റ:സ്കൂളുകളില്‍ പഠിപ്പിക്കുന്നത് കൃത്യമായി പഠിക്കുകയും ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള എന്‍.സി.ഇ.ആര്.ടി പാഠ പുസ്തകങ്ങള്‍ നന്നായി പഠിക്കുകയും പത്രവായന ഒരു ശീലമാക്കുകയും ചെയ്താല്‍ സിവില്‍ സര്‍വീസ് നേടാനാവുമെന്ന് ജില്ലാ കളക്റ്റര്‍ മേഘശ്രീ. കളക്ട്രേറ്റില്‍ കുട്ടികളുമായുള്ള ഗുഡ് മോണിങ് കേരള പ്രതിവാര സംവാദ പരിപാടിയില്‍ കബനിഗിരി നിര്‍മല എച്ച്.എസിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു കളക്ടര്‍ ഡി.ആര് മേഘശ്രീ.
ജില്ലാ കളക്ടറുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണ്? ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്തുകൊണ്ട്? വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടിയുണ്ടാവുമോ? വയനാട് ജില്ലയിലെ പിന്നാക്ക വിഭാങ്ങള്‍ക്ക് ഭരണഘടനാപരമായും നിയമപരമായും ലഭിക്കേണ്ട സംരക്ഷണവും ആനുകൂല്യങ്ങളും ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ? ലഹരി ഉപഭോഗം തടയുന്നതിനുള്ള കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുമോ? തുടങ്ങി പ്രസക്തമായ ചോദ്യങ്ങളാണ് കുട്ടികള്‍ ജില്ലാ കളക്റ്റര്‍ മുമ്പാകെ ഉന്നയിച്ചത്. കുട്ടികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ജില്ലാ കളക്റ്റര്‍ കൃത്യമായി മറുപടി പറഞ്ഞു.
ലഹരിവിരുദ്ധ ബോധവല്കരണത്തിനായി എക്സൈസ്, പൊലീസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ വിപുലമായ ക്യാമ്പയിന് നടത്തും. വയനാട് മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്റ്റര്‍ കുട്ടികള്‍ക്ക് ഉറപ്പ് നല്കി. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വിവിധ വകുപ്പുകളെ എകോപിച്ച് കൊണ്ട് പദ്ധതികള്‍ നടപ്പാക്കും. താമസ സൗകര്യം, കുടിവെള്ളം, റോഡ്, വൈദ്യുതി, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്നതിലൂടെ മാത്രമേ സാമൂഹിക നീതി കൈവരിക്കാനും ഭരണ ഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാനുമാകൂ. മനുഷ്യ-വന്യ ജീവി സംഘര്‍ഷം ഇല്ലാതാക്കുന്നതിന് മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയണം. ഇതിനായി മൃഗങ്ങള്‍ക്ക് കാട്ടില്‍ തന്നെ വെള്ളവും ഭക്ഷണവും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ചൂരല്‍മല - മുണ്ടക്കൈ ദുരന്തം നേരിടുന്നതിന് സര്‍ക്കാറും ജില്ലാ ഭരണകൂടവും വിവിധ സേനാ വിഭാഗങ്ങളും വകുപ്പുകളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. രക്ഷാ പ്രവര്‍ത്തനം മുതല്‍ താല്‍ക്കാലിക പുനരധിവാസം വരെ എല്ലാവരും ഒരു ടീമായി പ്രവര്‍ത്തിച്ചു. ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ഇതിന് നേതൃത്വം നല്കാന് സാധിച്ചു. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ നാളെ രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടവരാണ്. അതിനുള്ള അറിവും പ്രാപ്തിയും നേതൃ ഗുണവും അച്ചടക്കവും പഠന കാലത്ത് തന്നെ ആര്‍ജ്ജിച്ചെടുക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നത്
സിവില്‍ സര്‍വ്വീസ് നേടുന്നതിന് സഹായകമായിട്ടുണ്ടെന്നും കളക്ടര്‍ കുട്ടികളെഓര്മ്മപ്പെടുത്തി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍