കര്‍ഷകരുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല : ടി.മുഹമ്മദ്
കല്‍പ്പറ്റ: കര്‍ഷകരും, കാര്‍ഷിക മേഖലയും ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ കര്‍ഷകരുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് പ്രസ്താവിച്ചു.
കര്‍ഷകരോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ സഹകരണ വകുപ്പ് ജോ.രജിസ്ത്രാര്‍ ഓഫീസിനു മുന്‍പില്‍ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോര്‍പ്പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും വാരിക്കോരി കൊടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കൈ കുമ്പിളില്‍ പോലും കൊടുക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാകുന്നില്ലെന്നതാണ് കര്‍ഷകരുടെ അനുഭവങ്ങള്‍. കര്‍ഷകര്‍ രാജ്യത്തെ അന്നദാതാക്കളാണെന്ന് പ്രസംഗിക്കുന്നതിന് കാണിക്കുന്ന ആവേശവും ഉല്‍സാഹവും കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്ന കാര്യത്തില്‍ ഉണ്ടാവാതെ പോകുന്നതായി അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന കൃഷിനാശം, വന്യമൃഗ ശല്യം, കടക്കെണി, ജപ്തി, ഭൂമി പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി ഗൗരവമായ പ്രശ്‌നങ്ങള്‍ കര്‍ഷകരെ അലട്ടുമ്പോഴും കര്‍ഷക സൗഹൃദ സമീപനം സ്വീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. ഇ.എസ്.എ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നതായാണ് വ്യാപകമായ പരാതി. ഇ.എസ്.എ കാര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാത്തത് മലയോര വാസികളെ ഉല്‍ഖണ്ഠാകുലരാക്കുന്നതായി അദ്ദേഹം പറഞ്ഞു.
കഠിനവെയിലും അതി തീവ്ര മഴയും സൃഷ്ടിച്ച കൃഷിനാശവും കര്‍ഷകന്റെ ദുരിതവും നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പോലും അംഗീകരിക്കാത്ത സര്‍ക്കാറാണ് കേരളത്തിലേത്. മുന്‍വര്‍ഷങ്ങളിലെകെടുതിയുടേ നഷ്ടപരിഹാരം കാത്ത് കഴിയുകയാണ് സംസ്ഥാനത്തെ കര്‍ഷകര്‍.
വിള ഇന്‍ഷ്വറന്‍സ് ഉപ്പെടെയുള്ള ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്.
വന്യജീവികളുടെ നിരന്തര അക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷണം ഉറപ്പു വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്.
വന്യജീവികളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്ന കാര്യത്തില്‍ വനം വകുപ്പും സര്‍ക്കാറും വന്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് വി. അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഖാലിദ് രാജ പ്രസംഗിച്ചു. സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു.
കൈനാട്ടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ജില്ലാ മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ് എന്‍.കെ. റഷീദ് ഫ്‌ലാഗ് ഓഫ് ചെയ്തു. തന്നാണി അബുബക്കര്‍ ഹാജി, മായന്‍ മുതിര, ഖാലിദ് വേങ്ങൂര്‍, സലീം കേളോത്ത്, ഷംസുദ്ദീന്‍ ബിതര്‍ക്കാട്, അസീസ് പൊഴുതന, ഇബ്രാഹിം തൈ തൊടി, ലത്തീഫ് അമ്പലവയല്‍, എ.കെ. ഇബ്രാഹിം, കെ.കെ. ഇബ്രാഹിം, പോക്കര്‍ കോറോം, കല്ലിടുമ്പന്‍ അസൈനാര്‍, പി.കെ.മൊയ്തീന്‍ കുട്ടി, ഉസ്മാന്‍ പള്ളിയാല്‍, സി.സി ഖാദര്‍ ഹാജി, ഉസ്മാന്‍ പഞ്ചാര, പനന്തറ മുഹമ്മദ് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി ഹംസ ഹാജി കല്ലിടുമ്പന്‍ നന്ദി പറഞ്ഞു.
അടിക്കുറിപ്പ്: കര്‍ഷകരോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റി നടത്തി സഹകരണ ജോ. രജിസ്ത്രാര്‍ ഓഫീസ് ധര്‍ണ്ണ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍