ദുരന്തഭൂമിയിലെ കുരുന്നുകള്‍ക്ക് വിനോദയാത്രയൊരുക്കി എം.എസ്.എഫ്
ചൂരല്‍മല: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും കുട്ടികള്‍ക്കായി വിനോദയാത്രയൊരുക്കി എം.എസ്.എഫ്. ദുരന്തഭൂമിയിലെ മരവിപ്പിക്കുന്ന കാഴ്ചകളില്‍ നിന്ന് മാറി, അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ ഉല്ലസിച്ചും സ്‌നേക്ക് പാര്‍ക്കില്‍ കറങ്ങിയും അവരിന്നലെ പഴയ ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിച്ചു. എല്ലാം മറന്നൊന്ന് ചിരിക്കാന്‍ അവര്‍ക്കൊപ്പം എം.എസ്.എഫിലെ സഹോദരന്മാരും ചേര്‍ന്നു.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മൂന്ന് ദേശങ്ങളിലെ കുട്ടികള്‍ക്കായി എം.എസ്.എഫ് ജില്ലാ കമ്മിറ്റിയാണ് വിനോദയാത്ര ഒരുക്കിയത്. 115 വിദ്യാര്‍ത്ഥികള്‍ മൂന്ന് ബസുകളിലായാണ് ഉല്ലാസയാത്ര നടത്തിയത്.
ഉരുള്‍ദുരന്തത്തില്‍ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമുള്‍പ്പെടെ മരിച്ചവരാണിവര്‍ . നാലാം ക്ലാസുകാര്‍ മുതല്‍ ബിരുദവിദ്യാര്‍ത്ഥികള്‍ വരെ യാത്രാസംഘത്തിലുണ്ടായിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് ചൂരല്‍മലയില്‍ നിന്ന് കല്‍പ്പറ്റ മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ടി.ഹംസ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
പാല്‍ചുരമിറങ്ങിയ യാത്രാസംഘത്തെ കാത്ത് വഴിയോരങ്ങളില്‍ മുസ്്‌ലിം ലീഗിന്റെയും പോഷകഘടകങ്ങളുടെയും പ്രവര്‍ത്തകര്‍ മധുരവും സമ്മാനവുമായി കാത്തുനിന്നു. കണ്ണൂരിലെ സ്വകാര്യ അമ്യൂസ്‌മെന്റ് പാര്‍ക്കും പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രവും കുട്ടിക്കൂട്ടം സന്ദര്‍ശിച്ചു. നിശ്ചിത സമയമായതോടെ അടച്ച സ്‌നേക്ക് പാര്‍ക്ക് കുട്ടികള്‍ക്കായി വീണ്ടും തുറന്നുനല്‍കുകയായിരുന്നു. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം കൗണ്‍സിലിംഗ് വിദഗ്ധരും ഡോക്ടറും സംഘത്തിനൊപ്പമുണ്ടായിരുന്നു.
സെപ്തംബര്‍ 2ന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നേ കുട്ടികളുടെ മാനസിക ആരോഗ്യം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിനോദയാത്ര ഒരുക്കിയതെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി.എം റിന്‍ഷാദ്, ജനറല്‍ സെക്രട്ടറി ഫായിസ് തലക്കല്‍ എന്നിവര്‍ ചന്ദ്രികയോട് പറഞ്ഞു. പി.കെ അഷറഫ്, സി. ശിഹാബ്, ഷംസീര്‍ ചോലക്കല്‍, മുബഷിര്‍, ഫസല്‍ എന്നിവരും കൂടെയുണ്ടായിരുന്നു. വീടുകളും കളിസ്ഥലങ്ങളും പള്ളിക്കൂടവും ഇല്ലാതായ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിനോദയാത്ര എന്ന ആശയമറിയിച്ച ഉടനെ പൂര്‍ണ പിന്തുണയുമായി മുസ്്‌ലിം ലീഗ് ഉപസമിതിയും മുസ്്‌ലിം ലീഗ് ജില്ലാ - പഞ്ചായത്ത് കമ്മിറ്റികളും കൂടെ നിന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
s5ny7v
swebgl
2ke93h