പുത്തുമല... തിരിച്ചറിയാത്തവരുടെ ശാന്തികവാടം..!
മേപ്പാടി: മരണം ദുര്‍ബലമാക്കിയ ഒരു നാടിന്റെ നൊമ്പരങ്ങളെ മാറോടണച്ച് പുത്തുമല ശാന്തമായുറങ്ങുന്നു. ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള യാത്രവഴിക്കരികില്‍ ഇനി അവര്‍ക്കെല്ലാം അന്തിയുറക്കമാണ്. നാടിനെ തുടച്ചുമാറ്റിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരിച്ചറിയാന്‍ കഴിയാതെ പോയ 41 മൃതദേഹങ്ങളും 180 ശരീരഭാഗങ്ങളുമാണ് ഈ മണ്ണില്‍ നിദ്രയിലലിയുന്നത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 46 മൃതദേഹങ്ങളായിരുന്നു തിരിച്ചറിയാത്തവരുടെ പട്ടികയില്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ഇതില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കല്‍പ്പറ്റ നഗരസഭയുടെ പൊതുശ്മശാനത്തിലായിരുന്നു ആദ്യ തവണ സംസ്‌കരിച്ചത്. പിന്നീട് എല്ലാവര്‍ക്കുമായി പുത്തുമലയില്‍ തന്നെ ശ്മശാനം ഒരുങ്ങുകയായിരുന്നു. സര്‍വ്വ മത പ്രാര്‍ത്ഥനയോടെയായിരുന്നു മൃതദേഹങ്ങളുടെ സംസ്‌കാരം. ഓരോ മൃതദേഹങ്ങള്‍ക്കും പ്രത്യേകം പ്രത്യേകമായുള്ള തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് കുഴിമാടങ്ങള്‍. ശരീരഭാഗങ്ങള്‍ എല്ലാമായി അതിനരികില്‍ സംസ്‌കരിച്ചു. ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയും ജില്ലാ ഭരണകൂടവും മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. ഒരു നാടിന്റെ ഒത്തുചേര്‍ന്നുള്ള യാത്രയില്‍ പുത്തുമലയും അടയാളമാണ്. 2019 ല്‍ 17 പേരുടെ ജീവന്‍ കവര്‍ന്ന മണ്ണിനരികില്‍ ഒരു നോവായി മലമുകളിലുള്ളവരുടെ അടരാത്ത ഓര്‍മ്മകളുമായി ഈ താഴ്വാരങ്ങളുമുണ്ടാകും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍