രണ്ട് ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കേരളത്തില്‍ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴ, 50 കി.മി വേഗതയില്‍ കാറ്റും
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 49-50 കിമി വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മെയ് 20-22 തീയതികളില്‍ അതി തീവ്രമായ മഴക്കും, മെയ് 20 മുതല്‍ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ-അതി ശക്തമായ മഴയുമുണ്ടാകുമെന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22-ഓടെ ന്യുന മര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ച് മെയ് 24 രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
തെക്കന്‍ തീരദേശ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളില്‍ നിന്ന് വടക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം കേരളത്തില്‍ മഴ തുടരുന്നതിനാല്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തന്നെ തുടരും. പത്തനംതിട്ടയില്‍ മൂന്ന് ദിവസത്തേക്ക് റെഡ് അലര്‍ട്ട് തന്നെയായിരിക്കും.
ആലപ്പുഴയിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കനത്ത മഴ സാധ്യതയുള്ളതിനാല്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ പോലുള്ള അപകടങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിലക്കും തുടരുകയാണ്.
കേരളത്തില്‍ റെഡ് അലെര്‍ട്ടും മഴ ശക്തമാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിടിപിസികള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെഡ്, ഓറഞ്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ സമീപ ജില്ലകളിലും ഉള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരണം.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളില്‍ തന്നെ മണ്ണിടിച്ചില്‍ സാധ്യത ഉള്ളയിടങ്ങളില്‍ സുരക്ഷ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയിട്ടുള്ള സഞ്ചാരികളിലും മുന്നറിയിപ്പ് എത്തുന്നുണ്ട് എന്നുറപ്പാക്കണം. ഏതെങ്കിലും സഞ്ചാരികള്‍ അപകടത്തില്‍ പെടുകയോ ഒറ്റപ്പെട്ടു പോവുകയോ ചെയ്താല്‍ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകള്‍ വ്യാപകമായി ടൂറിസ്റ്റുകള്‍ക്ക് ഇടയില്‍ പ്രചരിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍