മാനന്തവാടി നിയോജക മണ്ഡലം: സമഗ്ര വിദ്യാഭ്യാസ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും
മാനന്തവാടി : മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് മണ്ഡല തല മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നു. അക്കാദമിക നിലവാരവും ഭൗതീക സാഹചര്യ നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനായാണ് ഇത്തരത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.ആദ്യം സ്കൂള്‍ തല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും പിന്നീട് പഞ്ചായത്ത് തല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തതിനു ശേഷം അവ ക്രോഡീകരിച്ച് മണ്ഡലതല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനാണ് തീരുമാനം. അക്കാദമിക നിലവാരത്തിന്റെ കാര്യത്തിലും അടിസ്ഥാന സൌകര്യത്തിന്റെ കാര്യത്തിലും പിന്നോക്കം നില്ക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തുകയും അത്തരം സ്ഥാപനങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
മാസ്റര്‍ പ്ലാന്‍ തയ്യാറാക്കിയതിനു ശേഷം ആവശ്യമായി വരുന്ന ഫണ്ട് എം എല്‍ എ എം പി ഫണ്ടുകള്‍ ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍, വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടുകള്‍, സമുഹ പങ്കാളിത്തത്തോടെ ലഭിയ്ക്കുന്ന ധനസഹായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നും സമാഹരിയ്ക്കും.ഇത്തരത്തില്‍ ഫണ്ടുകള്‍ നല്കുന്നതില് സ്കൂളുകളുടെ മണ്ഡലതല മുന്‍ഗണന പട്ടികയും തയ്യാറാക്കും. കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ഒ ആര് കേളു എംഎല് എ മുന്‍കൈ എടുത്ത് ഇത്തരത്തില്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമീക ചര്‍ച്ചകള്‍ക്കായി സെപ്റ്റംബര്‍ 22 ന് ഉച്ചയ്ക്ക് 2 മണിക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെയും മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റ്മാരുടെയും ,ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ്മാരുടെയും മുഴുവന്‍ പ്രിന്‍സിപ്പാള്‍മാരുടെയും, ഹെഡ്മാസ്റ്റര്മാരുടെയും യോഗ0 മാനന്തവാടി ബി ആര് സിയില്‍ ചേരും.
ഓ ആര് കേളു എം എല്‍ എ ആയതിനു ശേഷം മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നടത്തി വരുന്ന ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ആദ്യ വര്‍ഷം തന്നെ എം എല്‍ എ ഫണ്ടില്‍ നിന്നും വിവിധ സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റും,കമ്പ്യൂട്ടറുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് 32 ലക്ഷം രൂപഅനുവദിച്ചിരുന്നു. മണ്ഡലത്തിലെ ഒരു സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി പ്രകാരം കിഫ്ബി സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ അംഗികാരം നല്കിയ 37 സ്കൂളുകളുടെ പട്ടികയില്‍ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. എം എല്‍ എ രക്ഷാധികാരിയും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കണ്‍വിനറും ആയ മണ്ഡലതല വിദ്യാഭ്യാസ സമിതി നേരത്തെ രൂപികരിക്കുകയും ചെയ്തിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍