ജീവിതത്തിനും മരണത്തിനുമിടയില്‍ നാല്ദിനം..! കുത്തൊഴുക്കുള്ള പുഴയുടെ തുരുത്തില്‍പ്പെട്ട നാല് പേരെ ഫയര്‍ഫോഴ്‌സംഗങ്ങള്‍ സാഹസികമായി രക്ഷപ്പെടുത്തി;

കരകാണാതെ കുടുങ്ങിയത് നാല് ദിവസത്തോളം; നാല് ജീവനുകള്‍ രക്ഷപ്പെടുത്തിയ മാനന്തവാടി ഫയര്‍ഫോഴ്‌സിന് ബിഗ് സല്യൂട്ട്
കഴിഞ്ഞ ശനിയാഴ്ച മീന്‍പിടുത്തത്തിനായി പുഴയിലെ തുരുത്തില്‍ പോയ ഏഴംഗസംഘത്തില്‍ നാല് പേരാണ് മരണത്തെ മുഖാമുഖം കണ്ട് മൂന്ന് ദിവസങ്ങളോളം കഴിച്ചുകൂട്ടിയത്. പുല്‍പ്പള്ളി ചേകാടി വെട്ടത്തൂരിലെ പുഴതുരുത്തിലാണ് ഏഴംഗ സംഘം കുടുങ്ങിയത്. പുല്‍പ്പള്ളി പാളക്കൊല്ലി ഉദയക്കരകോളനിയിലെ രാജു (45), ബാബു(39),ബിജു (27), മണി (22), മോഹനന്‍ (35), അനു (30), സിജു (20) എന്നിവരാണ് മീന്‍പിടുത്തത്തിനായി പോയി ചേകാടി പുഴയിലെ തുരുത്തില്‍ കുടുങ്ങിയത്.
ശനിയാഴ്ച വൈകുന്നേരത്തോടെ പുഴകടന്ന് തുരുത്തിലെത്തിയ ഇവര്‍ അന്നത്തെ രാത്രി കഴിച്ചുകൂട്ടാനുള്ള ഭക്ഷണം പാകംചെയ്യാനുള്ള തയ്യാറെടുപ്പോടെയാണ് പോയത്. പക്ഷേ രാത്രിയോടെ തിമിര്‍ത്തുപെയ്യാന്‍ ആരംഭിച്ച മഴയില്‍ പുഴ നിറഞ്ഞുകവിയുകയും ഇവര്‍ തുരുത്തില്‍ ഒറ്റപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും ഇന്ന് രാവിലെവരെയും സംഘം മരണത്തെ മുന്നില്‍ കണ്ട് തുരുത്തില്‍ കഴിച്ചുകൂട്ടുകയായിരുന്നു. നിര്‍ത്താതെ പെയ്ത മഴയില്‍ തീ കത്തിക്കാന്‍ കഴിയാത്തതിനാല്‍ ഭക്ഷണം വെക്കാന്‍ കഴിയാത്ത അവസ്ഥയുമായി. കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നനഞ്ഞതുകാരണവും, റെയിഞ്ചില്ലാത്തതിനാലും പുറം ലോകവുമായി ബന്ധപ്പെടാനും ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഒടുവില്‍ ഇന്ന് മൊബൈല്‍ ഓണാക്കി ശ്രമിച്ചപ്പോള്‍ ബന്ധുക്കളില്‍ ഒരാളെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചതോടെയാണ് ഇവരുടെ ദുരിതത്തിന് അറുതിവരാന്‍ കാരണമായത്. വിവരമറിഞ്ഞയാള്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തംഗം മുഹമ്മദിനോട് കാര്യം പറയുകയും മുഹമ്മദ് മാനന്തവാടി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് രാവിലെ പത്തരയോടെ സ്‌റ്റേഷന്‍ ഓഫീസര്‍ എംകെ കുര്യന്റെ നേതൃത്ത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം ഫയര്‍എഞ്ചിന്‍, ആംബുലന്‍സ്, ജീപ്പ് സഹിതം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. റോഡരികില്‍ നിന്നും മൂന്ന് കിലോമീറ്ററോളം ഉള്‍വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമാണ് പുഴക്കരയിലെത്താന്‍ സാധിക്കുക. വനത്തിനുള്ളിലൂടെ ഫയര്‍ എഞ്ചിന്‍ പോകാത്തതിനാല്‍ ആംബുലന്‍സുമായി വനപാലകര്‍ യാത്ര തുടര്‍ന്നെങ്കിലും കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും ആംബുലന്‍സ് വനത്തിനുള്ളില്‍ ചെളിയില്‍ കുടുങ്ങുകയും ചെയ്തു. വന്യമൃഗ സാന്നിധ്യമുള്ള സ്ഥലമായിരുന്നിട്ടുകൂടി മനസാന്നിധ്യം കൈവിടാതെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്രവര്‍ത്തനത്തിനായുള്ള ഡിങ്കിയും തലയിലേറ്റി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച് പുഴക്കരയിലെത്തുകയായിരുന്നു.
ഫയര്‍ഫോഴ്‌സംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും തുരുത്തില്‍കുടുങ്ങിയ ഏഴംഗസംഘത്തില്‍ മോഹനന്‍, അനു,സിജു എന്നിവര്‍ കുത്തൊഴുക്കിനേ മറികടന്ന് എങ്ങനെയൊക്കെയോ കരക്കെത്തിയിരുന്നു. മറ്റ് നാല്‌പേര്‍ക്ക് യാതോരുതരത്തിലും രക്ഷപ്പെടാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. തുടര്‍ന്ന് കോളനിവാസികള്‍ ഇവരെ രക്ഷപ്പെടുത്താന്‍ കയറുകള്‍ ബന്ധിപ്പിച്ച് ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. ഇതിനിടയില്‍ തുരുത്തില്‍ക്കുടുങ്ങിയവര്‍ നാലുപേരും ചേര്‍ന്ന് മുളക്കമ്പുകള്‍കൊണ്ട് ചങ്ങാടം നിര്‍മ്മിച്ചെങ്കിലും ജീവഭയത്താല്‍ രക്ഷപ്പെടാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ആധുനിക സംവിധാനങ്ങളുള്ള ഡിങ്കിയടക്കം കുത്തൊഴുക്കില്‍പ്പെട്ട് മറിയാന്‍പോയ സ്ഥിതിക്ക് അവര്‍ ചങ്ങാടത്തില്‍ക്കയറിയിരുന്നെങ്കില്‍ നാല്‌പേരും രക്ഷപ്പെടാന്‍ സാധ്യതയുണ്ടാവില്ലായിരുന്നൂവെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പിന്നീട് അറിയിച്ചു.
സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ ഡിങ്കി കുത്തൊഴുക്കിലേക്കിറക്കി ജീവന്‍പണയംവെച്ച് മറുകരയിലേക്ക് പോയി. അഗാധ ഗര്‍ത്തമുള്ള പുഴയില്‍ കുത്തൊഴുക്കും ഇടക്കിടയ്ക്ക് മരങ്ങള്‍ ഉള്ളതും രക്ഷാപ്രവര്‍ത്തനത്തിനെ പ്രതികൂലമായി ബാധിച്ചു. പുഴയുടെ മധ്യത്തിലെത്തിയ ഡിങ്കി ഒഴുക്കില്‍പ്പെട്ട് മറിയാന്‍ തുടങ്ങിയതോടെ അഗ്നിശമന സേനാംഗങ്ങളുടെ ജീവനും അപകടത്തിലാകുമെന്ന സ്ഥിതിയായി. അംഗങ്ങളോടി ശ്രമമുപേക്ഷിച്ച് തിരികെവരാന്‍ പുഴക്കരയിലുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ശ്രമമുപേക്ഷിക്കാതെ മുന്നോട്ട് തന്നെ പോകുകയായിരുന്നു.
ഒടുവില്‍ ഒരുമണിക്കൂറോളം ജീവന്‍പണയംവെച്ചുള്ള പ്രയത്‌നഫലമായി നാല് പേരെയും ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ട് ഘട്ടങ്ങളിലായി രണ്ട് പേരെ വീതം ഡിങ്കിയില്‍ കയറ്റി, ഇരുകരകളേയും തമ്മില്‍ ബന്ധിപ്പിച്ച കയര്‍ പിടിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുരുത്തില്‍കുരുങ്ങിയവര്‍ ക്ഷീണിതരാണെങ്കിലും മറ്റാരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ ഫയര്‍ഫോഴ്‌സിന് കാര്യങ്ങള്‍ അല്‍പം എളുപ്പമാവുകയും ചെയ്തു. തുടര്‍ന്ന് കോളനിവാസികളും പ്രദേശവാസികളും ഒന്നടങ്കം ഫയര്‍ ഫോഴ്‌സിനെ അനുമോദിക്കുകയും വനത്തില്‍കുടുങ്ങി കിടന്ന ഫയര്‍ഫോഴ്‌സ് ആംബുലന്‍സ് കൈകരുത്തില്‍ ചെളിയില്‍ നിന്നും വലിച്ചുകയറ്റി റോഡിലെത്തിക്കുകയും ചെയ്തു.
മരണത്തെ മുന്നില്‍കണ്ട് ദിവസങ്ങള്‍ കഴിച്ചുകൂട്ടിയ പാവങ്ങളുടെ രക്ഷകരായ ഫയര്‍ ഫോഴ്‌സ് ജീവനക്കാരോട് നന്ദിയെത്ര പറഞ്ഞാലും തിരില്ലെന്ന് കോളനിവാസികള്‍ പറഞ്ഞു.
മാനന്തവാടി ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ എംകെ കുര്യന്‍, അസി. ഫയര്‍ സ്റ്റേഷന്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ സിപി ഗിരീഷ്, ലീഡിംഗ് ഫയര്‍മാന്‍മാരായ കെ ബാലകൃഷ്ണന്‍, സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍മാന്‍മാരായ മനു അഗസ്റ്റിന്‍, എംവി ബിനു,അഖില്‍രാജ്, ഹോംഗാര്‍ഡുകളായ വിഎഫ് ഷിബു,പിടി മാത്യു, ഡ്രൈവര്‍മാരായ ജിജു മോന്‍, ഏആര്‍ രാജേഷ്, എന്‍ടി രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.
ഓപ്പണ്‍ ന്യൂസര്‍ ഫെയ്‌സ് ബുക്ക് പേജില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോലഭ്യമാണ്.
https://www.facebook.com/opennewser/videos/1948215555417347/


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍