നല്ലത് നാടറിയട്ടെ..! ഒരു കൊക്കിന്റെ ജീവനുവേണ്ടി പനമരത്തുകാര്‍ കൈകോര്‍ത്തു
കേബിള്‍ വയറില്‍ കുരുങ്ങി മരണത്തെ മുഖാമുഖം കണ്ട കൊക്കിനെ സാഹസികമായി രക്ഷപ്പെടുത്തി പനമരത്തെ നന്മനിറഞ്ഞ നാട്ടുകാര്‍. പനമരം പാലത്തിന് സമീപമായി കുടുങ്ങിക്കിടന്ന പക്ഷിയെ നാട്ടുകാരായ അഞ്ചോളം പേര്‍ചേര്‍ന്ന് കേബിള്‍മുറിച്ച് രക്ഷിക്കുന്നതിനിടയില്‍ ചിറകിന് പരുക്കേറ്റിരുന്ന കൊക്ക് പുഴയിലേക്ക് വീണെങ്കിലും സ്വന്തം ജീവന്‍പോലും അവഗണിച്ച് ഒരു യുവാവ് പുഴയില്‍ ചാടി പക്ഷിയെ രക്ഷിക്കുകയായിരുന്നു. പനമരം പോലീസും ഈ സത്പ്രവൃത്തിയില്‍ പങ്കാളികളായി.ദേശാടനപക്ഷികളുടെ കൊറ്റില്ലങ്ങളാല്‍ ലോക പ്രശസ്തമാണ് പനമരം. വൈവിധ്യമാര്‍ന്ന കൊക്കുകളാല്‍ സമൃദ്ധമാണിവിടം. തദ്ധേശവാസികളുടെ സ്നേഹവും പരിഗണനയും സംരക്ഷണവുമാണ് പമനരത്തിലെ കൊറ്റില്ലങ്ങളുടെ നിലനില്‍പ്പിനാധാരം. പനമരം പ്രദേശത്തുകാര്‍ ഒരു കൊക്കിന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടിയെടുത്ത യാതനകളാണ് ഇന്നലെ ചര്‍ച്ചയായത്. പോണ്ട് ഹെറോണ്‍ വിഭാഗത്തില്‍പ്പെട്ട ഒരു കൊക്ക് പനമരം പാലത്തിന് സമീപത്തെ കേബിളില്‍ കുരുങ്ങുയത് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തിയതിനുശേഷം നാട്ടുകാരായ വരിക്കോളി അജ്മല്‍, എപി ഇബ്രാഹിം, ബികെ റഷീദ്, പിഡി അനില്‍, സികെ മുജീബ് എന്നിവര്‍ സാഹസികമായി കേബിള്‍ മുറിച്ച് കൊക്കിനെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ചിറകിന് മുറിവേറ്റ് അവശനിലയിലായിരുന്ന കൊക്ക് പാലത്തിന് നേരെ താഴെ പുഴയിലേക്ക് വീഴുകയായിരുന്നു. കാലവര്‍ഷത്തില്‍ നിറഞ്ഞ് കവിഞ്ഞ പുഴയിലെ ഒഴുക്കും, ഇവിടുത്തെ സ്ഥിരം സാന്നിധ്യമായ ചീങ്കണ്ണിയെയും വകവെക്കാതെ പ്രദേസവാസിയായ മോനാവ എന്ന സഹദ് പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ഒടുവില്‍ പുഴയില്‍ മുങ്ങിതാഴുകയായിരുന്ന കൊക്കിനെയും രക്ഷിച്ച് സഹദ് കരക്കെത്തി. പിന്നീട് സമീപത്തെ മൃഗാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊക്കിനെ പനമരം പോലീസിന് കൈമാറി. പനമരം എസ്ഐ ഉബൈദ് വനപാലകരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകരെത്തി കൊക്കിനെ ഏറ്റുവാങ്ങി സംരക്ഷിച്ച് വരികയാണ്.
കേവലം ഒരു പക്ഷിയെ രക്ഷിച്ചത് ഒരുപക്ഷേ വലിയ വാര്‍ത്താ പ്രാധാന്യമുള്ള വിഷയമായിരിക്കുകയില്ലെങ്കിലും നാട്ടിന്‍പുറത്തെ ഇത്തരം നന്മകള്‍ ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കാനാണ് ഓപ്പണ്‍ ന്യൂസര്‍ ശ്രമിക്കുന്നത്. ഒരാള്‍ക്കെങ്കിലും ഇതുകൊണ്ട് മാനസാന്തരം വരികയും ഒരു ജീവനെങ്കിലും രക്ഷിക്കാനുള്ള പ്രചോദനം ലഭിക്കുകയുമാണെങ്കില്‍ ഈ വാര്‍ത്ത ലക്ഷ്യം കണ്ടെന്നും പറയാം. കൂടാതെ സ്വാഭാവിക കുളങ്ങളും ജലാശയങ്ങളും അന്യംനിന്നുവരുന്ന സമകാലികത്തില്‍ വംശനാശഭാഷണി പോലും സംഭവിച്ചേക്കാവുന്ന പോണ്ട് ഹെറോണ്‍ പോലെയുള്ള ഒരു പക്ഷിയെ രക്ഷിച്ചതിനുള്ള നന്ദിയും പനമരം നാട്ടുകാര്‍ അര്‍ഹിക്കുന്നു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍