നഷ്ടമായത് അശരണരുടെ വെളിച്ചം: സംഷാദ് മരക്കാര്‍
കല്‍പ്പറ്റ: വയനാട് മുസ്‌ലിം യത്തീംഖാനയുടെ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സാഹിബിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് ജില്ലയിലെ അശരണരുടെയും ആലംബഹീനരുടെയും വെളിച്ചെമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. അനാഥരുടെ അവശതയും അഗതികളുടെ നിസഹായതയും നിറഞ്ഞ മനസ്സോടെ ഏറ്റെടുത്ത് അവര്‍ക്ക് വഴിയും വെളിച്ചവും അറിവും ആശയവും പ്രദാനം ചെയ്ത് ജീവിതത്തിന് സജ്ജരാക്കിയ അദ്ദേഹം ഡബ്ല്യു.എം.ഒയുടെ ലക്ഷ്യങ്ങളെല്ലാം പ്രാപ്തിയിലെത്തിച്ചു. റെസ് പെക്ട് ദ ചൈല്‍ഡ് ആസ് എ പേഴ് സണ്‍(ഓരോ കുട്ടിയേയും വ്യക്തിയായി ആദരിക്കുക) എന്ന അദ്ദേഹത്തിന്റെ മഹത്തായ ആശയമാണ് യതീംഖാനയിലൂടെ അദ്ദേഹം നടപ്പിലാക്കിയത്. ഒപ്പം ജില്ലയുടെ ശോചനീയമായിരുന്ന വിദ്യാഭ്യാസത്തെ വിപ്ലവങ്ങള്‍ സൃഷ്ടിച്ച് ഇന്ന് കാണുന്ന മികവിലേക്ക് ഉയര്‍ത്താനും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ക്കായി. അദ്ദേഹത്തിന്റെ വിയോഗം തീര്‍ത്ത വിടവ് നികത്താന്‍ സാധിക്കില്ലെന്നും സംഷാദ് മരക്കാര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.