കെ.എസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

പനമരം: പനമരം കൈതക്കല്‍ ഡിപ്പോ പരിസരത്ത് നിന്നും സ്‌കൂള്‍ വിദ്യാര്‍ഥിക്ക് കെ.എസ് ആര്‍.ടി.സി ബസ് തട്ടി പരിക്ക് പറ്റിയ സംഭവത്തില്‍ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച രണ്ട് പേരെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. പനമരം ചെറുകാട്ടൂര്‍ സ്വദേശികളായ വാലുപൊയില്‍ വി.അഷ്‌റഫ് (43), സ്വപ്ന നിവാസ് എം.കെ ന്യൂമാന്‍ (40) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ ഇടിച്ചിട്ടും ബസ് നിര്‍ത്താതെ പോയെന്ന് ആരോപിച്ച് ഇവര്‍ കാറുമായി ചെന്ന് ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചെന്നാണ് പരാതി. ഡ്രൈവര്‍ പ്രശാന്ത് കുമാറിന്റെ പരാതി പ്രകാരം കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, സംഘം ചേര്‍ന്ന് മര്‍ദിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അപകടത്തിന്റെ സിസിടിവി ദൃശ്യത്തില്‍ നല്ല മഴയത്ത് ബസ് മുന്നിലൂടെ കടന്നുപോകുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി റോഡ് മുറിച്ചുകടക്കാന്‍ നോക്കുകയും ബസ്സിന്റെ പിന്‍ഭാഗം തട്ടിയതായും വ്യക്തമായിരുന്നു. അപകടം സംഭവിച്ച കാര്യം ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാത്തതിനാല്‍ ബസ് നിര്‍ത്താതെ പോകുകയായിരുന്നു. എന്നാല്‍ ബസ് ഇടിച്ചിട്ടും നിര്‍ത്താതെ പോയതില്‍ പ്രകോപിതരായാണ് പ്രതികള്‍ ബസ് പിന്തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചത്. പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി.സിജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ ദാമോദരന്‍ എന്‍.കെ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍