വീണ്ടും കര്‍ണ്ണാടക മോഡല്‍ കൊള്ള..!കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരെ ബൈക്കിലെത്തി കൊള്ളയടിച്ചു

ബൈക്കിലെത്തിയ സംഘം കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് നിറുത്തി യാത്രക്കാരെ കൊള്ളയടിച്ചു. പണവും ആഭരണങ്ങളും നഷ്ടമായ യാത്രക്കാര്‍ ചിക്കനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബുധനാഴ്ച വൈകിട്ട് കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസിലെ യാത്രക്കാരാണ് മോഷണത്തിന് ഇരയായത്.ഇന്ന് പുലര്‍ച്ചെ 2.45ന് ബസ് കര്‍ണാടകയിലെ ചന്നപട്ടണയില്‍ എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘം ബസ് തടയുകയായിരുന്നു. കാര്യം തിരക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന കത്തി കാണിച്ച് കണ്ടക്ടറെ ഭീഷണിപ്പെടുത്തി സംഘം ബസിലേക്ക് കയറി. സംഘത്തിലെ മറ്റുള്ളവര്‍ യാത്രക്കാരില്‍ ഒരാളുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയ ശേഷം സ്ത്രീകളുടെ ആഭരണങ്ങളും പുരുഷന്മാരുടെ കൈയിലുണ്ടായിരുന്ന പണവും തട്ടിയെടുക്കുകയായിരുന്നു
ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ തന്നെ യാത്രക്കാര്‍ ആരും തന്നെ പ്രത്യാക്രമണത്തിന് മുതിര്‍ന്നില്ല. കൊള്ളയടിച്ച ശേഷം സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന്, യാത്രക്കാര്‍ ചിക്കനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി. ഇതിനു മുമ്പ് വയനാട് സ്വദേശികളായ പലരേയും ഇത്തരം സംഘങ്ങള്‍ കൊള്ളയടിച്ചിരുന്നു. ഓടുന്ന വാഹനത്തിന്റെ ചില്ലില്‍ മുട്ടയെറിഞ്ഞും, ബൈക്ക് കൊണ്ടുവന്ന് വാഹനത്തില്‍ മുട്ടിച്ച് പിന്നീട് ബഹളമുണ്ടാക്കിയും ആളു കൂടുമ്പോള്‍ പണം തട്ടിയുമെല്ലാം വിവിധങ്ങളായ മാര്‍ഗ്ഗങ്ങളില്‍ കൂടി മലയാളികളെ ഇവര്‍ തട്ടിപ്പിനിരയാക്കിയിരുന്നു.
ഇത്തരത്തില്‍ തട്ടിപ്പിനിരയായ ബത്തേരി സ്വദേശികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്കു മുമ്പ് നാലംഗ സംഘത്തെ കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍