വ്യാജ അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം:ജില്ലാ കളക്ടര്‍

അക്ഷയ കേന്ദ്രങ്ങളുടെ പേരും ലോഗോയും ദുരുപയോഗപ്പെടുത്തി പൊതുജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ചുള്ള സ്വകാര്യ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതല്ലെന്നും ജില്ലാകലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. സ്വകാര്യസ്ഥാപനങ്ങളെ സമീപിക്കുന്നതിലൂടെ പൊതുജനങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഐ.ടി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 66 അംഗീകൃത അക്ഷയ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. അംഗീകൃത കേന്ദ്രങ്ങളുടെ വിശദ വിവരങ്ങള്‍ അക്ഷയയുടെ വെബ്‌സൈറ്റില്‍ ലഭിക്കും.
അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ രൂപകല്പന, പേര് എന്നിവ ഉപയോഗിച്ച് തെറ്റിദ്ധാരണ ജനകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. വില്ലേജ്/ താലൂക്ക് ഓഫീസുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ഇ ഡിസ്ട്രിക്ട്) ആധാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഇഗ്രാന്റ്‌സ് എന്നിവയടക്കം പല ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് നല്‍കുവാനുള്ള ആധികാരികമായ പോര്‍ട്ടല്‍ ലോഗിന്‍ സംവിധാനം അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണുള്ളത്. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സംബന്ധിച്ചുള്ള സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും ഈ ഓഫീസുകളുമായി ബന്ധപ്പെടാം. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം മാത്രം പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ചു ഫ്രാഞ്ചൈസിയിലൂടെ ഉയര്‍ന്ന തുക മുടക്കി ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് സംസ്ഥാന ഐ.ടി. മിഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച പരസ്യങ്ങളില്‍ ഫ്രാഞ്ചൈസിക്ക് സംസ്ഥാന സര്‍ക്കാരിന്റെയും ഐ.ടി. മിഷന്റെയും അംഗീകാരമുണ്ടെന്ന വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ പൊതുജനം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ ജില്ലാ പ്രൊജക്ട് ഓഫീസുകളില്‍ അറിയിക്കാം. സംസ്ഥാന തലത്തില്‍ അക്ഷയ ഡയറക്ടറുടെയും ജില്ലാ തലത്തില്‍ കളക്ടര്‍ ചെയര്‍മാനായ ജില്ലാ ഇ-ഗവേര്‍ണന്‍സ് സമിതിയുടെയും മേല്‍നോട്ടത്തിലാണ് അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അക്ഷയകേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും സേവനങ്ങളും www.akshaya.kerala.gov.in വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ 04936 206265, 206267


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍