കൊട്ടിയൂരിലേക്ക് വാള്‍ എഴുന്നള്ളിച്ചു

മുതിരേരി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ വാള്‍ എഴുന്നള്ളിപ്പ് ഭക്ത്യാദരപൂര്‍വ്വം ഇന്ന് നടന്നു. മുതിരേരി ശിവക്ഷേത്രത്തില്‍ നിന്നും മുതിരേരി പുത്തന്‍മഠം മൂഴിയോട്ടില്ലം സുരേഷ് നമ്പൂതിരിയാണ് കൊട്ടിയൂരിലേക്ക് വാള്‍ എഴുന്നള്ളിച്ചത്. കഴിഞ്ഞ 18വര്‍ഷമായി കൊട്ടിയൂരിലേക്ക് വാള്‍ എഴുന്നള്ളിക്കുന്നത് ഇദ്ദേഹമാണ്. വാള്‍ എഴുന്നള്ളിപ്പ് ചടങ്ങിന് ശേഷം ആദിവാസിമൂപ്പന്‍ മുള്ളുവേലി കൊണ്ട് ക്ഷേത്രം അടച്ചു. കൊട്ടിയൂരിലെ തൃക്കലശാട്ടത്തിനു ശേഷം ചിത്ര നാളില്‍ വാള്‍ തിരിച്ചെത്തിക്കും വരെ ഇനി ഈ ക്ഷേത്രം അടച്ചിടും
വാളറയുടെ അധികാരി കോഴിയോട്ട് മൂപ്പില്‍ നമ്പ്യാരില്‍ നിന്നും അനുമതി വാങ്ങി പുലര്‍ച്ചെ അറയില്‍ നിന്ന് വാള്‍ പുറത്തെടുത്തു. തുടര്‍ന്ന് വാള്‍ കുളിപ്പിച്ച് ശ്രീകോവിലിലെ ശിവബിംബത്തോടു ചേര്‍ത്തുവെച്ചു. ഉച്ചയ്ക്കു ശേഷം സുരേഷ് നമ്പൂതിരി ദേഹശുദ്ധി വരുത്തി ശിവലിംഗം മൂടാനുള്ള തുളസിയിലകള്‍ തീര്‍ഥം തളിച്ച് ശുദ്ധമാക്കി. തുടര്‍ന്ന് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവഭഗവാനും ഉപദേവതമാരായ ഭഗവതിക്കും അയ്യപ്പനും നിവേദ്യം സമര്‍പ്പിച്ചു. തുളസിയിലമൂടിയ ബിംബത്തില്‍ നിന്ന് വാള്‍ വലിച്ചെടുത്ത് ഒറ്റത്തവണ ക്ഷേത്രത്തിനു വലം വച്ചശേഷം വാളുമായി അതിവേഗം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.
ചോതി നാളിലെ 'പഷ്ണി'യും കഴിഞ്ഞ് വിശാഖം നാളിലാണ് വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാകുക.'ഓം ശ്രീ വീരഭദ്രായ നമഃശിവായ' നാമജപത്താല്‍ മുഖരിതമായിരുന്നു വ്യാഴാഴ്ച മുതിരേരി ശിവക്ഷേത്രം. കൊട്ടിയൂരിലേക്ക് വാള്‍ കൊണ്ടുപോകാന്‍ തയ്യാറെടുത്തതോടെ 'ഗോവിന്ദാ..ഹരിഗോവിന്ദാ' മന്ത്രം ക്ഷേത്രപരിസരത്ത് മാറ്റൊലിക്കൊണ്ടു. വാള്‍ കൊണ്ടുപോയ ശേഷം സമര്‍പ്പിച്ച നിവേദ്യമായ ചക്കയും പഴവും വിശ്വാസികള്‍ക്ക് പ്രസാദമായി നല്‍കി. ഞായറാഴ്ച ക്ഷേത്രത്തില്‍ നടത്തിയ പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി മൂഴിയോട്ടില്ലം സുരേന്ദ്രന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. വാളെഴുന്നള്ളത്തുമായി ക്ഷേത്രത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരേരി ശിവക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ നെല്ലിക്കല്‍ ചന്ദ്രശേഖരന്‍, അംഗങ്ങളായ നാരായണന്‍കുട്ടി പ്രീതിനിവാസ്, കൃഷ്ണന്‍ കേളോത്ത്, അച്ചപ്പന്‍ കൊയ്യാലക്കണ്ടി, ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് കുട്ടന്‍ കുറുപ്പന്‍ പറമ്പില്‍, സെക്രട്ടറി വിദ്യ വിനോദ് മുടപ്ലാവില്‍, ക്ഷേത്രകമ്മിറ്റിയംഗം സുരേഷ് മലമൂല, വിനോദ് മൂട്ടേരി, മാതൃസമിതി പ്രസിഡന്റ് രാജലക്ഷ്മി താഴേവീട്, സെക്രട്ടറി കല്യാണി കൊറ്റിപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍