വയനാട് മെഡിക്കല്‍ കോളേജ്: മള്‍ട്ടിപര്‍പ്പസ് സ്പെഷ്യാലിറ്റി ബ്ലോക്കിന്റേയും കാത്ത് ലാബിന്റേയും ഉദ്ഘാടനം ഏപ്രില്‍ 2 ന്

മാനന്തവാടി: നബാര്‍ഡിന്റെ ധനസഹായത്തോടെ എട്ടു നിലകളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മള്‍ട്ടിപര്‍പ്പസ് സ്പെഷ്യാലിറ്റി ബ്ലോക്കിന്റേയും വയനാട് ജില്ലയിലെ പൊതുമേഖലയിലെ ആദ്യത്തെ കാത്ത് ലാബിന്റേയും ഉദ്ഘാടനം ഏപ്രില്‍ 2 ന് ഉച്ചക്ക് 12 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എംഎല്‍എ ഒ.ആര്‍ കേളു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വയനാടന്‍ ജനതയുടെ ആതുരശ്രുശ്രൂഷ മേഖലയിലെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി സാധാരണക്കാരന്റെ ആശാ കേന്ദ്രമായ വയനാട് മെഡിക്കല്‍ കോളേജ് അതിന്റെ വികസന പാതയില്‍ ശ്രദ്ദേയമായ ഒരു മുന്നേറ്റത്തിന് നാന്ദിക്കുറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വനാതിര്‍ത്തി പങ്കിടുന്ന 20 കേന്ദ്രത്തില്‍ വന സൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ രണ്ടിന് രാവിലെ 10.00-ന് മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വനസൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, എംഎല്‍എ മാര്‍, വനം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് സദസ്സ്നടത്തുക.
മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ചടങ്ങില്‍സംസ്ഥാന ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷയായും. സ്വാഗതസംഘം ചെയര്‍മാനും മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എയുമായ ഒ.ആര്‍ കേളു സ്വാഗതം ആശംസിക്കും. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, ടി സിദ്ദിഖ് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണവും, കലക്ടര്‍ രേണു രാജ് ഐഎഎസ് ഉപഹാര സമര്‍പ്പണവും നടത്തും.
എം എല്‍ എ യുടെ വാര്‍ത്താകുറിപ്പ്:
2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നാമമാത്രമായ ഡോക്ടര്‍മാരും അസൗകര്യങ്ങളാലും ഇല്ലായ്മകളാലും വീര്‍പ്പുമുട്ടിയിരുന്ന ആശുപത്രിയായിരുന്നു മാനന്തവാടി ജില്ലാ ആശുപത്രി. ഒഴിഞ്ഞു കിടക്കുന്ന മുഴുവന്‍ തസ്തികളില്‍ നിയമനം നടത്തിയും, ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഫ് നേഴ്സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയ പുതിയ തസ്തികള്‍ സൃഷിടക്കുകയും ചെയ്തു. വിവിധ വകുപ്പുകളെ ഏറ്റവും ആധുനികവത്കരിക്കുന്ന പ്രവര്‍ത്തനം നടത്തിയത് വഴി ഗൈനക്കോളജി വിഭാഗത്തെ ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്തുകയും, നവജാത ശിശു പരിചരണ വിഭാഗത്തില്‍ മികച്ച ഐസിയു സംവിധാനം ക്രമീകരിക്കുകയും ഒഫ്താല്‍മോളജി വിഭാഗത്തിനായി പ്രത്യേക ബ്ലോക്ക് തന്നെ ആരംഭിച്ചു. അത്യാഹിത വിഭാഗം ഏറ്റവും ആധുനിക സംവിധാനത്തോടു കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നുള്ളത് അഭിമാനകരമാണ്.
2021 ഫെബ്രുവരി മാസത്തില്‍ വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്നത് യാഥാര്‍ത്ഥ്യമായി. നിലവില്‍ ജില്ലാ ആശുപത്രിയായി പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന സ്ഥാപനത്തെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തി.140 തസ്തികള്‍ സൃഷ്ടിച്ച് മാനന്തവാടി ഗവ.നേഴ്സിംഗ് കോളേജ് കെട്ടിടത്തില്‍ മെഡിക്കല്‍ കോളേജ് ഓഫീസ് താത്ക്കാലികമായ പ്രവര്‍ത്തനം ആരംഭിച്ചു. നിരവധിയായി ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജ് വിഭാഗത്തില്‍ എത്തിയതോടു കൂടി വയനാട് മെഡിക്കല്‍ കോളേജിനെ ചികിത്സക്കായി ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി. ദൈനംദിനം ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 1500 ന് മുകളില്‍ ആളുകള്‍ ചികിത്സക്കായി എത്തുന്നത് സ്ഥാപനത്തിന്റെ മേന്‍മ വര്‍ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും ചില പ്രത്യേക കേസുകള്‍ക്ക് റഫറല്‍ ആവശ്യമായി വരുന്നത് ആരോഗ്യമേഖലയിലെ ജില്ലയുടെ പ്രതിസന്ധിയായി തുടരുകയായിരുന്നു. പ്രധാനമായും കാര്‍ഡിയാക്/ ന്യൂറോ വിഭാഗങ്ങളില്‍ നിന്നാണ് കൂടുതലായി റഫര്‍ ചെയ്യേണ്ടി വന്നിരുന്നത്. ഇതിന് പരിഹാരമായാണ് 8 കോടി രൂപ ചെലവില്‍ കാത്ത് ലാബ് നിര്‍മ്മാണം പൂര്‍ത്തിയാവുന്നത്. കാത്ത്ലാബ് പൂര്‍ത്തിയാകുന്നതോടെ ആവശ്യമായ കാര്‍ഡിയോളജി/ന്യൂറോളജി വിഭാഗത്തില്‍പ്പെട്ട ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവും. കാത്ത് ലാബിന് ആവശ്യമായ നേഴ്സുമാരുടേയും, മറ്റ് ജീവനക്കാരുടേയും പരിശീലനം നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ ആവശ്യമായ ഇലക്ട്രിക്കല്‍ സപ്ലെ ലഭ്യമാകാത്ത സാഹചര്യത്തില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു. കൂടാതെ രോഗികള്‍ക്ക് അടിയന്തിര റഫറല്‍ സംവിധാനത്തിനായി 35 ലക്ഷം രൂപ ചെലവിട്ട് മൊബൈല്‍ ഐസിയു ആംബുലന്‍സും നല്‍കി. പാര്‍ക്കിംഗ് സൗകര്യത്തിനും, ഇന്റേണല്‍ റോഡ് നവീകരണത്തിനും 58 ലക്ഷം രൂപയും ആശ്രുപത്രിയിലെ മറ്റൊരു റോഡിന് 11 ലക്ഷം രൂപയും, 25 ലക്ഷം രൂപ മോര്‍ച്ചറിയില്‍ മൊബൈല്‍ ഫ്രീസര്‍ സ്ഥാപിക്കാനും എംഎല്‍എ ഫണ്ടില്‍ നിന്നും നല്‍കി. കൂടാതെ നേഴ്സിംഗ് കോളേജിന്റെ ഇരുഭാഗത്തും മതില്‍ നിര്‍മ്മാണത്തിനായി 1.5 കോടിയിലധികവും എംഎല്‍എ ഫണ്ടില്‍ നിന്നും നല്‍കി.15 ലക്ഷം രൂപ ചിലവിട്ട് പവര്‍ ലോണ്ടറിയും സ്ഥാപിച്ചു.
നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടന്നു വരികയാണ്. നബാര്‍ഡ് സഹായത്തോടെ 46 കോടി രൂപ ചിലവിട്ട് മള്‍ട്ടിപര്‍പ്പസ് കെട്ടിടം പൂര്‍ത്തിയായതോടെ വയനാട് മെഡിക്കല്‍ കോളേജിന്റെ സൗകര്യം ഗണ്യമായി വര്‍ദ്ധിക്കുന്നു എന്നത് വയനാട് ജില്ലക്ക് മാത്രമല്ല കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പ്രദേശത്തും, വയനാട് അതിര്‍ത്തിയായ കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി പ്രദേശത്തെ ജനങ്ങള്‍ക്കും ഏറെ ഉപകാര പ്രദമാകുന്ന പദ്ധതികള്‍ക്കാണ് ഏപ്രില്‍ 2 ന് തുടക്കമാകുന്നത്.
ഈ ബ്ലോക്കില്‍ മെഡിക്കല്‍ ഒ.പി, എക്സറേ, റേഡിയോളജി, ഡയാലിസിസ്, സെന്റര്‍, സ്ത്രീ-പുരുഷ വാര്‍ഡുകള്‍ എന്നവയുണ്ടാകും. മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സികില്‍ ലാബ് ഹഡ്കോയുടെ സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 70 ലക്ഷം രൂപ ചെലവിട്ട് 2850 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ ലാബ് വയനാട് ജില്ലയിലെ ആരോഗ്യ മേഖലയിലും, അനുബന്ധ മേഖലയിലും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നരുടെ കാലനുനുസൃതമായ നൈപുണിക വികസനത്തിനയുള്ള ഹൈടെക് സ്ഥാപനമായി മാറും.എക്സൈസ് വകുപ്പ്മായി സഹരിച്ച് ഡി-അഡീഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കൂടാതെ സില്‍ സെല്‍ അനീമിയ രോഗികള്‍ക്കായി പ്രത്യേക വാര്‍ഡ് ആരംഭിച്ചു. അതോടൊപ്പം തന്നെ സന്നദ്ധസംഘടനയായ ഐസിഎഫ് നേതൃത്വത്തില്‍
1 കോടിയിലധികം രൂപ മുടക്കി ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ആള്‍ട്രാസൗണ്ട് സ്‌കാനിംഗ ലഭ്യമാക്കി. പൊതുജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പൂര്‍ണ്ണ പിന്തുണയോട് കൂടിയാണ് ഈ സ്ഥാപനം മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെത്തി മെഡിക്കല്‍ കോളേജിനെ പൂര്‍ണതോതിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. കക്ഷി-രാഷ്ട്രീയ ഭേദമെന്നെ ഏവരുടേയും പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കുന്നു.
വനസൗഹൃദ സദ്ദസ്സ്
സംസ്ഥാനത്ത് വനാതിര്‍ത്തി പങ്കിടുന്ന 20 കേന്ദ്രത്തില്‍ വന സൗഹൃദ സദസ്സ് സംഘടിപ്പിക്കുകയാണ്. ഏപ്രില്‍ രണ്ടിന് രാവിലെ 10.00-ന് മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വനസൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, എംഎല്‍എ-മാര്‍, വനം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് സദസ്സ്നടത്തുക.
ജനങ്ങളും വനം വകുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും വനാതിര്‍ത്തികളില്‍ സൗഹാര്‍ദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് സദസ്സ്. 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്ഥാപനങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് വനസൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നത്. വിവിധ ഓഫീസുകളില്‍ ലഭിച്ച പരാതികള്‍ പരിഹരിക്കല്‍, മനുഷ്യ--വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ജനങ്ങളില്‍നിന്ന് സ്വീകരിക്കല്‍, വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരണം എന്നിവ സദസ്സില്‍ നടക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും കാര്‍ഷിക സംഘടനകളും പൗര പ്രമുഖരും പങ്കെടുക്കുന്ന ആശയ സംവാദ സദസ്സായ വനസൗഹൃദ സദസ്സില്‍ രാവിലെ 10 മണിക്ക് ജനപ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിക്കും. തുടര്‍ന്ന് 11 മണിക്ക് തെരഞ്ഞെടുക്കപ്പെട്ട കര്‍ഷക സംഘടനാ നേതാക്കാള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവരുമായും മുഖ്യമന്ത്രി സംവദിക്കും. ജനപ്രതിനിധികളും, തെരഞ്ഞെടുക്കപ്പെട്ട കര്‍ഷക സംഘടനാ നേതാക്കളും, രാഷ്ട്രീയ കക്ഷി നേതാക്കളും സമയ ക്രമീകരണം പാലിക്കണമെന്ന് ഒ.ആര്‍ കേളു എംഎല്‍എ അഭ്യര്‍ത്ഥിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍