കടുത്ത നടപടിയുമായി കര്‍ണാടക വനംവകുപ്പ്; നാഗര്‍ഹോളെ വനത്തില്‍ വാഹനം നിര്‍ത്തിയാല്‍ 1,000 രൂപ പിഴ

മൈസൂരു: കര്‍ണാടകയിലേക്ക് നാഗര്‍ ഹോളെ വനമേഖലയിലൂടെ സഞ്ചരിക്കുന്ന യാത്രികര്‍ക്ക് മുന്നറിയിപ്പുമായി കര്‍ണാടക വനം വകുപ്പ്. വനത്തിലൂടെ കടന്നുപോകുന്ന മൈസൂരു-ഗോണിക്കുപ്പ പാതയില്‍ വാഹനം നിര്‍ത്തിയാല്‍ 500 മുതല്‍ 1,000 രൂപ വരെ പിഴയീടാക്കുമെന്ന് വനംവകുപ്പ് കുടക് ചീഫ് കണ്‍സര്‍വേറ്റര്‍ ബി.എന്‍.എന്‍. മൂര്‍ത്തി അറിയിച്ചു.
ദേശീയോദ്യാനവും കടുവസങ്കേതവുമായ നാഗര്‍ഹോളെ വനത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള മലയാളിയാത്രക്കാര്‍ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. നൂറു കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഈ റൂട്ടിലൂടെ പോകുന്നത്. പലരും വനത്തില്‍ വാഹനം നിര്‍ത്താറുക്കുണ്ട്. ഫോട്ടോയെടുക്കാനും ലഘുഭക്ഷണം കഴിക്കാനുമാണ് വാഹനം നിര്‍ത്തുന്നത്. ഭക്ഷണം കഴിച്ചശേഷം അവശിഷ്ടങ്ങള്‍ വനത്തില്‍
ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നത് വര്‍ധിച്ചതോടെയാണ് നടപടിയെടുക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നത് വന്യജീവികളെ ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.
വനത്തിന്റെ അഞ്ച് പ്രവേശനകവാടങ്ങളില്‍ 24 മണിക്കൂറും വനപാലകരുടെ കാവലുണ്ടാകും. തെക്കന്‍ കുടകിലെ അനെചൗകുര്‍, നാനച്ചി, കല്ലട്ടി, ഉഡ്ബുര്‍, കരമാഡു എന്നിവിടങ്ങളിലാണ് കാവല്‍. പ്രവേശനകവാടങ്ങളില്‍ നിരീക്ഷണ ക്യാമറകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശനകവാടങ്ങളില്‍ കാവല്‍നില്‍ക്കുന്ന വനപാലകര്‍ വനപാതയില്‍ ഇടയ്ക്കിടെ പട്രോളിങ്ങും നടത്തും.
അതേസമയം, വനത്തിലൂടെ കടന്നുപോകുന്ന ഇതരസംസ്ഥാന രജിസ്‌ട്രേഷന്‍ വാഹനങ്ങളില്‍നിന്ന് തുക ഈടാക്കുന്നത് വ്യാപിപ്പിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മൈസൂരു-ഗോണിക്കുപ്പ പാതയിലെ അനെചൗകുര്‍ ഗേറ്റിലാണ് ഇപ്പോള്‍ നിരക്ക് ഈടാക്കുന്നത്. കുശാല്‍നഗറിലെ അനെകാട് ചെക്‌പോസ്റ്റ്, പെരിയപട്ടണയിലെ മുട്ടുരു ചെക്‌പോസ്റ്റ് എന്നിവിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. വനശുചീകരണത്തിനുള്ള തുകയെന്ന പേരിലാണ് പണം പിരിക്കുന്നത്. ചെറിയവാഹനങ്ങള്‍ക്ക് 20 രൂപയുംവലിയ വാഹനങ്ങള്‍ക്ക് 50 രൂപയുമാണ് നിരക്ക്. അതേസമയം, ഇതരസംസ്ഥാന വാഹനങ്ങളില്‍നിന്ന് മാത്രം പണം പിരിക്കുന്നതിനെതിരെ എതിര്‍പ്പുണ്ടെങ്കിലും വനംവകുപ്പ് അധികൃതര്‍ നടപടിയുമായി മുന്നോട്ടുപോകുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍