ജോസ്‌കുട്ടി പനയ്ക്കലിനു ഗഫൂര്‍ മൂടാടി സ്മാരക പ്രസ് ഫൊട്ടോഗ്രഫി പുരസ്‌കാരം.

കുവൈറ്റ് സിറ്റി: കേരള പ്രസ്‌ക്ലബ്ബ് കുവൈറ്റ് ഏര്‍പ്പെടുത്തിയ പ്രഥമ ഗഫൂര്‍ മൂടാടി സ്മാരക പ്രസ് ഫൊട്ടോഗ്രഫി അവാര്‍ഡ് മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫര്‍ ജോസ്‌കുട്ടി പനയ്ക്കലിന്. 2022 ജൂണ്‍ 22ന് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച 'ഞങ്ങളുണ്ട് ഒപ്പം' എന്നു തലക്കെട്ടിട്ട ചിത്രത്തിനാണ് അരലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുന്നത്. പുരസ്‌കാര സമ്മേളനം 2023 ജനുവരിയില്‍ നടക്കും. വായന വാരാചരണ പരിപാടിക്കായി എറണാകുളം മഹാരാജാസ് കോളജിന്റെ മുകള്‍നിലയിലെ മലയാള വിഭാഗം ഹാളിലെത്തിയ ബിഎ മലയാളം വിദ്യാര്‍ഥിനി പി.കെ. ഷാദിയയെ ചടങ്ങിനുശേഷം എടുത്തു താഴേയ്ക്ക് എത്തിക്കുന്ന സീനിയര്‍ വിദ്യാര്‍ഥി അമലിന്റെ ചിത്രമാണ് പുരസ്‌കാരം നേടിക്കൊടുത്തത്.
ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ചു കാലുകള്‍ തളര്‍ന്ന ഷാദിയയെ സഹായിക്കുന്ന ഒട്ടേറെ സുഹൃത്തുക്കള്‍ കോളജിലുണ്ട്. കോഴിക്കോട് സ്വദേശിയായ ഷാദിയ കൂട്ടുകാരിയുമായി ചേര്‍ന്ന് ലുംപാനിക്‌സ് ബുക് സ്റ്റോര്‍ എന്ന ഓണ്‍ലൈന്‍ പുസ്തകശാല നടത്തിയാണ് പഠനാവശ്യത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ഈ ചിത്രം പത്രത്തില്‍ വന്നതോടെ കേരളത്തിലെ വിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദമല്ലേയെന്ന് പരിശോധിക്കാന്‍ കമ്മിഷണര്‍ ഉത്തരവിട്ടു. ചിത്രത്തിലെ ഷാദിയക്കു ഒട്ടേറെ സമ്മാനങ്ങളും വിദേശ സഞ്ചാരമുള്‍പ്പടെയുള്ള വാഗ്ദാനങ്ങളും ലഭിച്ചു.
മലയാള പത്രങ്ങളിലും ന്യൂസ് പോര്‍ട്ടലുകളിലും പ്രസിദ്ധീകരിച്ച വാര്‍ത്താമൂല്യമുള്ള ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. അസോഷ്യേറ്റഡ് പ്രസ്, ടൈം മാഗസിന്‍, ന്യുയോര്‍ക്ക് ടൈംസ് എന്നിവയ്ക്കുവേണ്ടി മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഗുസ്താവോ ഫെറാറി, ഖലീജ് ടൈംസ് സീനിയര്‍ ന്യൂസ് ഫൊട്ടോഗ്രഫര്‍ ഷിഹാബ് അബ്ദുല്‍ മജീദ്, പ്രമുഖ ഫൊട്ടോഗ്രഫി മെന്ററായ ബിഷാറ മുസ്തഫ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.
തൊടുപുഴ പന്നിമറ്റം പനയ്ക്കല്‍ ജോസഫ് - സിസിലി ദമ്പതികളുടെ ഏകമകനായ ജോസ്‌കുട്ടി 21 വര്‍ഷമായി മലയാള മനോരമയുടെ വിവിധ യൂണിറ്റുകളില്‍ സ്റ്റാഫ് ഫൊട്ടോഗ്രഫറായി ജോലി ചെയ്യുന്നു. ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, യുണീക് ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് എന്നിവയില്‍ ഡിജിറ്റല്‍ ന്യൂസ് ഫോട്ടോ ആര്‍കൈവിങ്ങിലൂടെ സ്ഥാനം പിടിച്ചിട്ടുണ്ട്. നാല്‍പതിലേറെ ഫൊട്ടോഗ്രഫി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സിന്ധു ജോര്‍ജാണ് ഭാര്യ. ഇനിക, എഡ്രിക് എന്നിവര്‍ മക്കളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍