കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; പ്രതികള്‍ക്ക് ജീവിതാവസാനം വരെ തടവ്

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവിതാവസാനം വരെ തടവ്. ഒപ്പം പ്രതികള്‍ 1,65,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക സഹോദരിക്കാണ് നല്‍കേണ്ടത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. ഇളവുകള്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. സംതൃപ്തിയുള്ള വിധിയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. 2018 മാര്‍ച്ചിലാണ് ലാത്വിയന്‍ സ്വദേശിയായ യുവതി ലിഗയെ പ്രതികള്‍ ക്രൂരമായി ബലാത്സം ചെയ്ത് കൊലപ്പെടുത്തിയത്.
തിരുവനന്തപുരം പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് പ്രതികള്‍. കൊലപാതകം, കൂട്ട ബലാത്സംഗം, മയക്കുമരുന്ന് നല്‍കി ഉപദ്രവിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി തടവില്‍വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
അതേസമയം, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഡിജിപി അനില്‍ കാന്ത് അനുമോദിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ ഡോ.കെ.ശശികല ഉള്‍പ്പെടെയുള്ള സയന്റിഫിക് ഓഫിസര്‍മാര്‍ക്കും പൊലീസ് ആദരം നല്‍കി.
കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്ക്കെത്തിയ യുവതിയെ കോവളത്തു വെച്ച് ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് രാജ്യത്തിനും പുറത്തും ശ്രദ്ധ നേടിയിരുന്നു. പോത്തന്‍കോട്ടെ ആയുര്‍വേദ കോളജില്‍ നിന്നും 2018 മാര്‍ച്ച് 14 നു കാണാതായ യുവതിയെ 36 ദിവസങ്ങള്‍ക്കു ശേഷം പനത്തുറയിലെ കണ്ടല്‍ക്കാട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയെ വൈകിയതുള്‍പ്പടെ ആദ്യ ഘട്ടത്തില്‍ പൊലീസിന് കേള്‍ക്കേണ്ടി വന്ന പഴി ചെറുതല്ല.
ലാത്വിയന്‍ എംബസി വരെ അന്വേഷണം ഊര്ജിതമാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പ്രത്യേക സംഘം പരമാവധി സാഹചര്യ തെളിവുകള്‍ ശേഖരിച്ചതാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ നിര്‍ണായകമായത്.
രാജ്യത്തിന് തന്നെ അപമാനം കേട്ട സംഭവത്തില്‍ പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചതോടെയാണ് കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെയാണ് പൊലീസ് മേധാവി ആദരിച്ചത്. അന്ന് ദക്ഷിണമേഖല ഐ.ജി ആയിരുന്ന ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്റ്റര്‍ മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ഐജി പി.പ്രകാശ്, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജെ.കെ.ദിനില്‍ ഉള്‍പ്പടെ 42 പൊലീസ് ഉദ്യോഗസ്ഥരും 8 സയിന്റിഫിക്ക് ഓഫിസേഴ്സും ആദരവ് ഏറ്റുവാങ്ങി. കേസില്‍ കോടതിയില്‍ ഹാജരാകുന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജു പൊലീസ് ആസ്ഥാനത്തെ ചടങ്ങില്‍ പങ്കെടുത്തു. കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ലാത്വിയയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍