സദാനന്ദന്റെ മരണം കൊലപാതകം തന്നെ..! ;രണ്ട്പേരെ ചോദ്യംചെയ്ത് വരുന്നതായി പോലീസ്

പുല്‍പ്പള്ളിയില്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട താഴയങ്ങാടി ആനശ്ശേരിയില്‍ സദാനന്ദന്‍ (59) ന്റെ മരണം കൊലപാതകമെന്ന് പോലീസ്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് വേലിയമ്പം സ്വദേശികളായ രണ്ടുപേരെ ചോദ്യം ചെയ്തുവരുന്നു. സദാനന്ദന്റെ തലക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി പോലീസ് വെളിപ്പെടുത്തി. ഇന്ന് പുല്‍പ്പള്ളി പോലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി ഫോറന്‍സിക് സര്‍ജന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഏത് തരത്തിലുള്ള ക്ഷതമാണ്, ഏത് സാഹചര്യത്തിലാണ് കൊലപാതകം സംഭവിച്ചത്, ആരൊക്കെയാണ് കൊലയ്ക്ക് പിന്നില്‍ ..ഇത്തരം കാര്യങ്ങള്‍ നാളെ മാത്രമേ ഔദ്യോഗികമായി വെളിപ്പെടുത്തുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. വീട്ടില്‍ തനിച്ച് കഴിഞ്ഞ് വന്നിരുന്ന സദാനന്ദന്‍ കൂട്ടുകാരോടൊപ്പം മദ്യപാനമടക്കമുള്ള പ്രവൃത്തികള്‍ വീട് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്നതായും അതിനിടയില്‍ കൂടെയുള്ളവരുമായി പലപ്പോഴും ബഹളമുണ്ടാക്കുകയും, വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നതായും പ്രദേശവാസികള്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം അതുപോലെയുണ്ടായ കയ്യാങ്കളിയുടെ പരിണിത ഫലമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് സദാനന്ദന്റെ സുഹൃത്തുക്കളായ രണ്ട് പേരെ പുല്‍പ്പള്ളി പോലീസ് ചോദ്യം ചെയ്ത് വരുന്നത്. അവര്‍ കുറ്റം സമ്മതിച്ചതായാണ് സൂചനകള്‍. സംഭവത്തില്‍ വേറെയും പ്രതികളുള്ളതായി സംശയമുണ്ട്. എന്തുതന്നെയായാലും നാളെ രണ്ടുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തി കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തുമെന്നാണ് സൂചന. ഇതിനിടയില്‍ ഇന്നലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സദാനന്ദന്റെ മൃതദേഹം രാത്രി പതിനൊന്ന് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍