മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. വൈകുന്നേരം മൂന്നരയ്ക്ക് ഓണ്‍ലൈനായാണ് യോഗം. രോഗ വ്യാപന തോത് കുറയുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏത് തരത്തില്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് അവലോകന യോഗം പരിശോധിക്കും. സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ഞായറാഴ്ചകളിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം പിന്‍വലിച്ചേക്കും. ക്യാറ്റഗറി തിരിച്ചുള്ള ജില്ലാ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.
അതേ സമയം, ക്യാറ്റഗറിയിലെ ജില്ലകള്‍ പുന:ക്രമീകരിക്കുന്നതിലും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലെ തീയറ്ററുകള്‍ തുറക്കണമോ എന്ന കാര്യത്തിലും ഇന്നത്തെ അവലോകനയോഗം തീരുമാനം എടുത്തേക്കും. ആരാധനാലയങ്ങളില്‍ ഞായറാഴ്ചകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാമെന്ന നിയന്ത്രണത്തിലും മാറ്റം വരാനാണ് സാധ്യത. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ അധ്യയന സമയം വൈകുന്നേരം വരെയാക്കണമോ എന്ന കാര്യവും ഇന്നറിയാം. അതേസമയം, സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം ഇരുപത്തിരണ്ടായിരത്തിനടുത്തായും, ടി പി ആര്‍ 30 ശതമാനത്തിന് താഴേക്കും എത്തിയത് ആശ്വാസം നല്‍കുന്നു.
സംസ്ഥാനത്ത് ഇന്നലെ 22,524 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 78,682 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,033 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1207 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 170 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,949 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,65,565 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9384 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 847 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,01,424 കൊവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇന്നലെ 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 113 മരണങ്ങളും സുപ്രിം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 733 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 59,115 ആയി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍