രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നര ലക്ഷത്തില്‍ താഴെയായി

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നര ലക്ഷത്തില്‍ താഴെയായി. 24 മണിക്കൂറിനിടെ 1,49,394 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കേസ് കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനം കുറഞ്ഞു. പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനമായി താഴ്ന്നു.
ഇന്ന് 1072 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കൊവിഡ് മരണം 4 ലക്ഷം കടന്നത്. മൂന്നാം തരംഗത്തില്‍ രാജ്യത്ത് മരിച്ചവരില്‍ 90 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ ഇന്നു ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം.
കേരളത്തിലും വിദ്യാലയങ്ങള്‍ തുറക്കാനൊരുങ്ങുകയാണ്. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഈ മാസം 14ന് തുടങ്ങും. കോളജുകള്‍ ഈ മാസം 7ന് തുടങ്ങും. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
അതേസയം, ഞായറാഴ്ച ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരും. ഞായറാഴ്ച ആരാധനയ്ക്ക് അനുമതിയുണ്ട്. ആരാധനയില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. കടുത്ത നിയന്ത്രണങ്ങളുള്ള സി വിഭാഗത്തില്‍ കൊല്ലം ജില്ലയെ മാത്രം ഉള്‍പ്പെടുത്തി. മറ്റ് ജില്ലകളെ ഒഴിവാക്കി. തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം ഇടുക്കി ജില്ലകളെ സി കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കി. 12 ജില്ലകള്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ല ഒരു കാറ്റഗറിയിലുമില്ല.
തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ഇക്കുറിയും വീടുകളില്‍ മാത്രമേ ഉണ്ടാകൂ. ഇക്കൊല്ലത്തെയും പൊങ്കാല കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വീടുകളില്‍ മാത്രമായി ചുരുക്കിയത്. ആറ്റുകാല്‍ പൊങ്കാല വഴിയരികില്‍ വേണ്ടെന്നും ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.
അതേസമയം 2022 ഫെബ്രുവരി 17 നാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം നടക്കുന്നത്. കുത്തിയോട്ടമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലയിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടി പങ്കെടുക്കുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍