ഇന്ത്യയില്‍ 1.79 ലക്ഷം പേര്‍ക്ക് കൊവിഡ്; സജീവ കേസുകള്‍ 7 ലക്ഷം കടന്നു
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെഇന്ത്യയില്‍ 1,79,723 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകളുടെ എണ്ണം 7 ലക്ഷത്തില്‍ എത്തി. ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ത്യയുടെ പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളില്‍ എത്തുന്നത്.
146 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണസംഖ്യ 483,936 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനമായി ഉയര്‍ന്നപ്പോള്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 7.92 ശതമാനമായി ഉയര്‍ന്നതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,569 പേര്‍ രോഗമുക്തി നേടി.
ഒമിക്രോണ്‍ രോഗികള്‍ ഉയരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. നിലവില്‍ 4,033 ആണ് ഒമിക്രോണ്‍ കേസുകള്‍. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ വകഭേദം (1,126) രേഖപ്പെടുത്തിയത്. രാജസ്ഥാന്‍ (529), ഡല്‍ഹി (513), കര്‍ണാടക (441), കേരളം (333) എന്നിവയാണ് തൊട്ടുപിന്നില്‍.