അജയ് മിശ്രയെ പുറത്താക്കണം; വിവാദ മന്ത്രിക്കൊപ്പം പ്രധാനമന്ത്രി വേദി പങ്കിടുന്നത് തെറ്റ്; കത്തയച്ച് പ്രിയങ്കാ ഗാന്ധി

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തച്ചു. കേന്ദ്രമന്ത്രി അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുതെന്ന് കത്തില്‍ പറയുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനുപിന്നാലെ വിവാദ മന്ത്രിയോടൊപ്പം വേദി പങ്കിടുന്നത് തെറ്റാണ്. ഇന്നത്തെ ഡിജിപിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കരുതെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ബിജെപി അട്ടിമറിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലാണ് മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ആരോപണം നേരിടുന്നത്.
ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടി ഉതിര്‍ത്തിരുന്നതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയിലാണ് നേരത്തെ ആശിഷ് മിശ്ര സ്വീകരിച്ച നിലപാടിനെ തള്ളുന്ന തെളിവ് ലഭ്യമായത്. വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കര്‍ഷകര്‍ക്കു നേരേ ആശിഷ് മിശ്ര വെടിവെച്ചു എന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്.
കര്‍ഷകര്‍ക്കിടയിലെക്ക് വാഹനം ഒടിച്ചുകയറ്റി എന്നതിനൊപ്പം ആ സമയത്ത് ആശിഷ് മിശ്രയും കൂട്ടാളികളും കര്‍ഷകര്‍ക്കു നേരേ വെടിവച്ചതായി ആദ്യം മുതലെ കര്‍ഷകര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് തുടക്കം മുതലേ ആശിഷ് മിശ്രയെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയങ്കാ ഗാന്ധിയെ യുപി പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂര്‍ ഖേരി സന്ദര്‍ശനത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ കര്‍ഷകര്‍ക്കുനേരേ വാഹനം ഇടിച്ചുകയറിയത്. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും സംഭവത്തില്‍ കൊല്ലപ്പെട്ടു. കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷമായ് വിമര്‍ശിച്ചിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍