ലഖിംപൂര്‍ ഖേരിയില്‍ ജുഡീഷ്യല്‍ അന്വേഷണം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം ധനസഹായവും പ്രഖ്യാപിച്ച് സര്‍ക്കാര്‍

ദില്ലി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനമിടിച്ച് കയറി 4 കര്‍ഷകരടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം ധനസഹായവും പ്രഖ്യാപിച്ചു. ലഖിംപുര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പടെ എട്ടു പേരാണ് മരിച്ചത്. ഇന്ന് പരിക്കേറ്റ് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പത് ആയി. പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിശ് കുമാര്‍ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കര്‍ഷകസംഘടനകളുടെ ആരോപണം. നാലു പേരെ സമരക്കാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബിജെപിയും ആരോപിക്കുന്നു.
പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് കുമാര്‍ മിശ്ര ഉള്‍പ്പടെ പതിനാലു പേര്‍ക്കെതിരെ കൊലപാതക കുറ്റം ഉള്‍പ്പടെ ചുമത്തി യുപി കേസ് എടുത്തു. ആശിശ് കുമാര്‍ മിശ്രയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദ്ദേഹങ്ങളുമായി കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്. മേഖലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ഗാന്ധിപ്പൂരിലെ ദേശീയപാതയിലൂടെയുള്ള ഗതാഗതം താല്‍കാലികമായി നിര്‍ത്തിവച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍