അഭിമാനമായി മീരാബായ് ചാനു; ഇന്ത്യയ്ക്ക് ആദ്യ മെഡല്‍
ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ നേട്ടം. ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേടിത്തന്നത് മീരാബായ് ചാനുവാണ്. ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 115 കിലോഗ്രാം ഉയര്‍ത്തിയാണ് മീരാബായ് ചാനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്.
അത്യന്തം ആവേശകരമായ പ്രകടനമാണ് മീരാബായ് ചാനു കാഴ്ചവച്ചത്. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരിയാണ് മീരാബായ്. ക്ലീന്‍ ആന്റ് ജര്‍ക്കില്‍ ലോക റെക്കോര്‍ഡിന് ഉടമയാണ്. ഇക്കുറി മീരാബായ് ചാനുവിന് സ്വര്‍ണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളിയാണ് മീരബായ് നേടിയത്. ചൈനയുടെ ഷുഹുവിയാണ് ഒന്നാം സ്ഥാനത്ത്.
2000 ലെ ഒളിമ്പിക്‌സില്‍ കര്‍ണം മല്ലേശ്വരി ഇതേ ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്നത്. സ്‌നാച്ചില്‍ കൃത്യമായ മേധാവിത്തം ചൈനീസ് താരം നിലനിര്‍ത്തിയതാണ് മീരാബായിയെ വെള്ളിയില്‍ ഒതുക്കിയത്.
ഒളിമ്പിക്‌സിന്റെ ആദ്യ മെഡല്‍ പോരാട്ട ദിനത്തില്‍ തന്നെ ഇന്ത്യയ്ക്ക് മെഡല്‍ നേടാന്‍ സാധിച്ചത് ടീമിന് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്.
അതിനിടെ ഒളിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ലോക രണ്ടാം നമ്പര്‍ താരമായ ഇന്ത്യയുടെ സൗരഭ് ചൗധരി പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 586 സ്‌കോര്‍ നേടിയാണ് ഫൈനലില്‍ പ്രവേശിച്ചത്. 95, 98, 98, 100, 98 , 97 എന്നിങ്ങനെയാണ് സൗരഭ് ചൗധരി വിവിധ റൗണ്ടുകളില്‍ നേടിയ സ്‌കോര്‍.
എന്നാല്‍ അഭിഷേക് വര്‍മയ്ക്ക് വിചാരിച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചില്ല. വിവിധ റൗണ്ടുകളിലായി 94,96,98,97,98, 92 എന്നിങ്ങനെയാണ് താരം നേടിയ സ്‌കോറുകള്‍. 17ാം സ്ഥാനത്താണ് അഭിഷേക് വര്‍മ എത്തിയത്.
അതേസമയം, മിക്‌സഡ് ഡബിള്‍ ഇവന്റില്‍ ഇന്ത്യയുടെ ശരത്ത് കമാല്‍, മണിക ബത്ര എന്നീ സഖ്യം ചൈനയുടെ തായ്‌പെയ് സഖ്യമായ യുന്‍ ജു ലിന്‍, ചിംഗ് ചെംഗ് എന്നിവരോട് പരാജയപ്പെട്ടു.
ഹോക്കിയില്‍ വിജയത്തോടെയാണ് ഇന്ത്യ ഇന്ന് തുടങ്ങിയത്. ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍ പ്രീത് സിംഗ് രണ്ട് ഗോള്‍ നേടി. രുബീന്ദ്ര പാല്‍ സിംഗ് ഒരു ഗോള്‍ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാന്‍ഡ് ഗോള്‍ നേടിയിരുന്നെങ്കിലും ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആര്‍ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.