മ്യാന്‍മറിലെ ജനാധിപത്യപ്രക്ഷോഭത്തിനെതിരേ ഉരുക്കുമുഷ്ടിയുമായി സൈന്യം
യാങ്കോണ്‍: മ്യാന്‍മറില്‍ സൈനികഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഉരുക്കുമുഷ്ടിയുമായി സൈന്യം. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലേയിലെ മ്യാന്‍മര്‍ ഇക്കണോമിക് ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ച പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ നേരിടാന്‍ പത്ത് ട്രക്ക് നിറയെ സൈനികരും പോലീസുകാരുമാണ് എത്തിയത്.ട്രക്കില്‍ നിന്ന് ഇറങ്ങുംമുന്‌പേ സൈനികര്‍ പ്രക്ഷോഭകാരികള്‍ക്കുനേരെ കവണ ഉപയോഗിച്ച് ആക്രമണം തുടങ്ങിയിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു ഫോട്ടോഗ്രാഫര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് വടി ഉപയോഗിച്ച് പ്രക്ഷോഭകാരികളെ തുരത്തി. ചിതറിയോടിയവരെ നേരിടാന്‍ കവണയും ഉപയോഗിച്ചു. വെടിവയ്ക്കുമെന്ന ഭീതിപരത്താന്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ജനക്കൂട്ടത്തിനുനേരെ റബര്‍ബുള്ളറ്റ് പ്രയോഗിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും പേര്‍ക്ക് പരിക്കറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
സൈനികഭരണകൂടത്തിനെതിരേയുള്ള പ്രതിഷേധത്തില്‍ പങ്കാളിയായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നായ്പിഡോയില്‍ ജനം പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു. 13 നും 16 നും ഇടയിലുള്ള വിദ്യാര്‍ഥികളാണു പിടിയിലായതെന്ന് പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഒരു വിദ്യാര്‍ഥി പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നുവെന്നും വിദ്യാര്‍ഥി പറഞ്ഞു.എത്ര കുട്ടികള്‍ പോലീസ് പിടിയിലുണ്ടെന്ന് വ്യക്തമല്ലെങ്കിലും 20 നും 40 നും ഇടയില്‍ പേര്‍ പിടിയിലായിട്ടുണ്ടെന്നാണു സൂചന. ജനാധിപത്യ നേതാവ് ഓംഗ് സാന്‍ സൂചിയുടെ വീട്ടുതടങ്കല്‍ നീട്ടി തിങ്കളാഴ്ച സൈനികഭരണകൂടം ഉത്തരവിട്ടിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിച്ചു എന്നതിനൊപ്പം സൂചിയെ സ്വതന്ത്രയാക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിക്കുന്നതിനാല്‍ കടുത്ത നടപടികളിലേക്ക് സൈന്യം നീങ്ങുകയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍