മോദിക്ക് കര്‍ഷകരുടെ നിശിത വിമര്‍ശനം; വിട്ടുവീഴ്ചയില്ല

ന്യൂഡല്‍ഹി: കര്‍ഷകസമരം രാജ്യവ്യാപക പ്രക്ഷോഭമാക്കി മാറ്റുമെന്നും 40 ലക്ഷം ട്രാക്ടറുകളുമായി റാലി നടത്തുമെന്നുമുള്ള മുന്നറിയിപ്പുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷകസമരത്തെ പാര്‍ലമെന്റില്‍ തള്ളിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ടികായത് രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
മോദി ഇന്നുവരെ ഒരു സമരവും നയിക്കുകയോ ഭാഗമാകുകയോ ചെയ്തിട്ടില്ല. ഭഗത്സിംഗും എല്‍.കെ. അഡ്വാനിയും സമരങ്ങള്‍ നയിച്ചിട്ടുണ്ടെന്നും സമരജീവികളെക്കുറിച്ച് മോദിക്ക് ഒന്നുംതന്നെ അറിയില്ലെന്നും പറഞ്ഞ് ടികായത് കുറ്റപ്പെടു ത്തി. രാജ്യത്ത് പ്രക്ഷോഭങ്ങളുടെ ഭാഗമായി സമരജീവികള്‍ എന്നൊരു വിഭാഗം രൂപപ്പെട്ടു വരുന്നുണ്ടെന്ന് രാജ്യസഭയില്‍ മോദി നടത്തിയ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കര്‍ഷകസമരം ഒക്ടോബര്‍ രണ്ടു വരെ തുടരും. എന്നാല്‍, അതോടെ പ്രക്ഷോഭം അവസാനിക്കുന്നില്ല. കര്‍ഷകര്‍ ഊഴമിട്ട് പല സംഘങ്ങളായി ഡല്‍ഹി അതിര്‍ത്തികളില്‍ സമരം തുടരുമെന്നും രാകേഷ് ടികായത് പറഞ്ഞു.
ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്ത കിസാന്‍ മഹാപഞ്ചായത്തിനെയും രാകേഷ് ടികായത് ഇന്നലെ അഭിസംബോധന ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഭിവാനിയിലും ഈ മാസം ആദ്യം ഹരിയാനയിലെ തന്നെ ജിന്‍ഡിലും കിസാന്‍ മഹാപഞ്ചായത്തുകളെ ടികായത് അഭിസംബോധന ചെയ്തിരുന്നു.
മിനിമം താങ്ങുവില രാജ്യത്ത് നിലനില്‍ക്കും എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് വെറും വിശ്വാസത്തിന്റെ ഉറപ്പില്‍ മാത്രം രാജ്യം മുന്നോട്ടു പോകില്ലെന്നും നിയമം മൂലം ഉറപ്പു നല്‍കണമെന്നുമായിരുന്നു രാകേഷ് ടികായത് നല്‍കിയ മറുപടി. മിനിമം താങ്ങുവില ഉറപ്പു നല്‍കുന്നു എന്ന് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ആവര്‍ത്തിച്ചു പറയുന്‌പോള്‍ തന്നെ അക്കാര്യത്തില്‍ നിയമം കൊണ്ടു വരുമോ എന്ന് വ്യക്തമാക്കാന്‍ അവര്‍ തയാറാകുന്നില്ലെന്നും ടികായത് കുറ്റപ്പെടുത്തി.
കര്‍ഷകസമരത്തിന്റെ പേരില്‍ ഇന്നലെയും ലോക്‌സഭയില്‍ ഭരണപക്ഷവും പ്രതിപക്ഷങ്ങവും ഏറ്റുമുട്ടി. പ്രതിപക്ഷം കാരണമില്ലാതെ പ്രധാനമന്ത്രിയെ കടന്നാക്രമിക്കുകയാണെന്ന് ബിജെപി എംപി റീത്ത ബഹുഗുണ ജോഷി ആരോപിച്ചു. കാര്‍ഷിക നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട് പ്രധാനമന്ത്രിയുടെ അഭിമാനപ്രശ്‌നവുമായി ബന്ധപ്പെട്ടാണെന്ന് തൃണമൂല്‍ കോണ്ഗ്രസ് എംപി പ്രഫ. സൗഗത റോയ് പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍