പാതയോരത്ത് നിര്‍ത്തിയിട്ട ജീപ്പ് കാട്ടാന തകര്‍ത്തു.
പുല്‍പ്പള്ളി:പുല്‍പ്പള്ളി കൊളവള്ളിയില്‍ പാതയോരത്ത് നിര്‍ത്തിയിട്ട ജീപ്പ് കാട്ടാന തകര്‍ത്തു. നടയിത്തിങ്കല് ജോര്‍ജിന്റെ ജീപ്പാണ് തകര്‍ത്തത്. ജീപ്പിന്റെ മുന്‍ഭാഗത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. പശുവിനെ കറക്കുന്നതിനായി തൊഴുത്തിലേക്ക് പോകുന്നതിനായി ജീപ്പ് റോഡരുകില്‍ നിര്‍ത്തിയിട്ടതായിരുന്നു. വണ്ടിയില്‍ നിന്നിറങ്ങി പോയതിന് തൊട്ടുപിന്നാലെ ഓടിയെത്തിയ കാട്ടാന ജീപ്പിന്റെ ബോണറ്റ് കുത്തിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് ജോര്‍ജ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ കൃഷി വ്യാപകമായി നശിപ്പിച്ച ശേഷമാണ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്.കര്‍ണാടകയിലെ ബന്ദിപ്പുര നാഗര്‍ ഹോള്‍ വന്യ ജീവി സങ്കേതത്തില്‍ നിന്നും കമ്പനി നദി കടന്നെത്തിയ ആന അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന തൂക്ക് ഫെന്‍സിംഗില്‍ മരം മറിച്ചിട്ടാണ് കൊളവള്ളിയിലെ ജനവാസ കേന്ദ്രത്തിലെത്തിയത്. ജീപ്പിന്റെ ബോണറ്റുള്‍പ്പെടെ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. വിവരമറിഞ്ഞ് വനപാലക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അതേ സമയം, പുലര്‍ച്ചെ റബ്ബര്‍ വെട്ടാന്‍ പോയ വ്യക്തി ആനയുടെ മുന്നില്‍പ്പെട്ട് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍