കടുവാ ഭീതിയൊഴിയാതെ ചീയമ്പത്തുകാര് ;കടുവ ഇന്നും ആടുകളെ കൊന്നു
ചീയമ്പം:ചീയമ്പം 73 ല്‍ വീണ്ടും കടുവയിറങ്ങി ആടുകളെ കൊന്നു. 73 സ്വദേശി മാച്ചിയുടെ 3 ആടുകളെയാണ് ഇന്ന് കടുവ കൊന്നത്. വീടിന് സമീപത്തെ വനമേഖലയോട് ചേര്‍ന്ന് ആടുകളെ മേയ്ക്കുന്നതിനിടെ കടുവ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ 11 ആ മത്തെ ആടിനെയാണ് കടുവ കൊല്ലുന്നത്. പ്രദേശത്തെ മാതന്, മാരന്, ബൊമ്മന് എന്നിവരുടെ എട്ട് ആടുകളെ മുമ്പ് കടുവ കൊന്നിരുന്നു. ഇവര്‍ക്കാര്‍ക്കും തന്നെ നഷ്ടപരിഹാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിച്ചിരുന്നു. എന്നാല്‍ ഇവര്ക്കെതിരെല്ലാം വനം വകുപ്പ് കേസെടുത്തതായി നാട്ടുകാര്‍ പറഞ്ഞു. കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ ആദ്യമൊന്നും വനപാലകര്‍ തയ്യാറാകാത്തതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിരന്തര പ്രതിഷേധത്തിനൊടുവില്‍ വനം വകുപ്പ് സ്ഥലത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. റേഡിയോ കോളര്‍ ഘടിപ്പിച്ച കടുവയാണ് പ്രദേശത്ത് വിഹരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.
ഇന്ന് കടുവയെ കണ്ട നാട്ടുകാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ കടുവ ഇരയെ ഉപേക്ഷിച്ച് വനത്തിലേക്ക് കയറി പോയി. തുടര്‍ന്ന് കോളനിക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ ഐ സി ബാലകൃഷ്ണന് എം എല്‍ എ സ്ഥലത്തെത്തി വനം വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് വനം വകുപ്പ് പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നീരിക്ഷണമാരംഭിച്ചത്.കടുവയെ കൂട് സ്ഥാപിച്ച് പിടിക്കൂടാനുള്ള നടപടി സ്വീകരിക്കുമെന്നും, ആടുകളെ നഷ്ടപ്പെട്ടവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ നഷ്ട പരിഹാരം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രാത്രിയോടെ പ്രതിഷേധം അവസാനിപ്പിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍