രോഗികള്‍ക്ക് കൈത്താങ്ങായി മരുന്നുകള്‍ എത്തിച്ച് നല്‍കി ഡിവൈഎഫ്‌ഐ.
കല്‍പ്പറ്റ:ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ അവശ്യമരുന്നുകള്‍ എത്തിച്ചു നല്‍കി ഡി.വൈ.എഫ്.ഐ. കോഴിക്കോടു നിന്നും ലഭിക്കേണ്ട അവശ്യമരുന്നുകളാണ് ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എത്തിച്ച് നല്‍കിയത്. പതിവായി കോഴിക്കോട് നിന്നും മരുന്ന് വാങ്ങേണ്ടിയിരുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് പോയി മരുന്നു വാങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയിലെ വിവിധ പ്രദേശത്തുള്ള നിരവധി രോഗികള്‍ക്ക് ഡി.വൈ.എഫ്.ഐ മരുന്നുകള്‍ എത്തിച്ച് നല്‍കിയത്.കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോഴിക്കോടു നിന്നും വയനാട്ടിലേയ്ക്കുള്ള പൊതുഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തി വച്ചതിനാലാണ് അവശ്യമരുന്നുകള്‍ ലഭിക്കാത്ത സാഹചര്യം വയനാട്ടുകാര്‍ക്കുണ്ടായത്. ഈ സാഹചര്യത്തിലാണ് അവശ്യ മരുന്നുകള്‍ എത്തിച്ചു നല്‍കുക എന്ന ഉത്തരവാദിത്വം ഡിവൈഎഫ്‌ഐ ഏറ്റെടുത്തത്. അനവധി തവണകളിലായി അഞ്ഞൂറോളം പേര്‍ക്ക് ഇതിനകം മരുന്ന് എത്തിച്ച് നല്‍കി കഴിഞ്ഞു. ബ്ലോക്ക് സെക്രട്ടറിമാരുടെ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നമ്പര്‍ പ്രസിദ്ധപ്പെടുത്തി ഹെല്‍പ്പ്‌ലൈനിലൂടെയും പ്രദേശികപ്രവര്‍ത്തകര്‍ മുഖാന്തരം മരുന്ന് കോഴിക്കോട് നിന്നും ലഭ്യമാക്കാന്‍ പ്രയാസപ്പെടുന്നവരെ കണ്ടത്തിയുമാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. കോഴിക്കോട് നിന്നും മരുന്ന് വാങ്ങി വീടുകളില്‍ എത്തിച്ച് നല്‍കുന്ന പ്രവര്‍ത്തനമാണ് ഡിവൈഎഫ്‌ഐ ഏറ്റെടുത്തത്. ഡിവൈഎഫ്‌ഐയുടെ ഈ ഹെല്‍പ്പ്‌ലൈനിലേക്ക് നിരവധിയാളുകളാണ് വിളിക്കുന്നത്. ഒട്ടനവധിയാളുകള്‍ക്ക് ഡിവൈഎഫ്‌ഐയുടെ ഈ ഇടപെടല്‍ ഉപകാരപ്രദമായി കഴിഞ്ഞു. ഈ പ്രവര്‍ത്തനം ഇനിയും തുടരുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.