മതേതരത്വം സംരക്ഷിക്കാന്‍ നാം എല്ലാവരും ബാധ്യസ്ഥര്‍:കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവ
പുല്‍പ്പള്ളി:ഭാരതത്തിന്റെ പൈതൃകമായ മതേതരത്വം സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് മലങ്കര കത്തോലിക്ക സഭയുടെ തലവനായ മോറാന്‍ മോര് ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ പറഞ്ഞു. മതേതരത്വം സംരക്ഷിക്കാന്‍ കക്ഷി രാഷ്ട്രീയ വത്യാസമില്ലാതെ ഭരണകര്‍ത്താക്കളെ പിന്തുണക്കണം. എല്ലാ കാലഘട്ടത്തിലും എല്ലാ മതവിഭാഗത്തിലുംപെട്ടവര്‍ ഒരുപോലെ സഹോദരരായി കഴിഞ്ഞ രാജ്യമാണ് നമ്മുടേത്.ആ പാരമ്പര്യം നമ്മള് കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സഭയുടെ വലുപ്പം കൂട്ടാന്‍ ശ്രമിക്കുന്നവര്‍ മറുഭാഗത്തിന് മുറിവേല്ക്കുന്നെന്ന സത്യം ഉള്‍ക്കൊള്ളണം. വര്‍ഗീയത പുരണ്ട ചിന്തകള്‍ക്കപ്പുറത്ത് എല്ലാവരേയും ഒന്നായിക്കണ്ട് നാടിന്റെ പുരോഗതിക്കായി വൈദികരും സന്യസ്തരും പ്രവര്‍ത്തിക്കണം. മലയോര മേഖല നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇതിന് പരിഹാരം ഉണ്ടാക്കുന്നതിന് വൈദികര്‍ക്ക് മാതൃകാപരമായ പ്രവര്‍ത്തനം നടത്താനാവും. മലങ്കര സഭാ പിതാവ് മാര്‍ ഇവാനിയോസ് മുന്നോട്ടുവെച്ച സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശവാഹകരാകാന്‍ വൈദികര്‍ തയ്യാറാകണമെന്നും കര്‍ദിനാള്‍ പറഞ്ഞു.പുല്‍പ്പള്ളി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ തീര്‍ത്ഥാടന ദേവാലയത്തില്‍ ഫാ.മാത്യു മുണ്ടക്കോടിയുടെ കോര്‍ എപ്പിസ്കോപ്പ സ്ഥാനാരോഹണത്തിന് ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാവ.ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷതവഹിച്ചു. പുത്തൂര്‍ ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ മക്കാറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. പോള്‍ ജോര്‍ജ് ആലുക്ക, സിസ്റ്റര്‍ ശുഭ തെരേസ, ഫാ. വര്‍ഗ്ഗീസ് പുളിക്കല്‍, മാത്യു തണ്ടായിമറ്റം, ജോയി പി.ഒ., റെജി ചക്കാട്ട്, വത്സ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍