പിറന്ന് വീണ കൈകളെ ചേര്‍ത്ത് പിടിച്ച് രാഹുല്‍ ;രാജമ്മയ്ക്കിത് സ്വപ്ന സാഫല്യം
നാല്‍പ്പത്തൊമ്പത് വര്‍ഷങ്ങള്‍ക്കപ്പുറം തന്റെ കൈകളിലേക്ക് പിറന്നു വീണ കുഞ്ഞിനെ ഇന്ന് രാവിലെ കണ്‍കുളിര്‍ക്കെ കണ്ടപ്പോള്‍ നായ്ക്കട്ടി സ്വദേശി രാജമ്മയ്ക്ക് അത് അവിസ്മരണിയ കൂടിക്കാഴ്ചയായി. വര്‍ഷങ്ങള്‍ക്കിപ്പുറം രാഹുല്‍ ഗാന്ധിയെന്ന ആ കുഞ്ഞ് വളര്‍ന്ന് രാജ്യത്തിന്റെ സുപ്രധാന വ്യക്തിത്വമായപ്പോഴും കുഞ്ഞു രാഹുലിനെ ആദ്യമായി കോരിയെടുത്ത നിമിഷത്തെ കുറിച്ച് മാത്രമായിരുന്നു രാജമ്മയ്ക്ക് സംസാരിക്കാനുണ്ടായിരുന്നത്. കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ വെച്ച് താന്‍ പിറന്നു വീണ കൈകളെ ചേര്‍ത്ത് പിടിച്ച് രാഹുല്‍ നിന്നപ്പോള്‍ കാഴ്ചക്കാര്‍ക്കും അത് വേറിട്ട അനുഭവമായി.രാജമ്മ ഡല്‍ഹിയിലെ ഹോളിക്രോസ് ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ജനനം.ഇതിനിടെയാണ് രാജമ്മയെ വയനാട് സ്വദേശിയും മിലിറ്ററി ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനുമായ വയനാട് സ്വദേശി രാജപ്പന്‍ വിവാഹം കഴിച്ചത്. തുടര്‍ന്ന് രാജമ്മയ്ക്കും മിലിറ്ററി ആശുപത്രിയില്‍ നഴ്‌സായി ജോലികിട്ടി.
വിരമിച്ചശേഷം നായ്ക്കട്ടിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് ഈ ദമ്പതിമാര്‍. ഏകമകന്‍ രാജേഷും മരുമകള്‍ സിന്ധുവും കുവൈത്തിലാണ്. നേരില്‍ക്കാണാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും രാഹുല്‍ വയനാട്ടില്‍ വന്ന സമയത്ത് വിദേശത്തായിരുന്നതിനാല്‍ കഴിഞ്ഞില്ല. പക്ഷെ ഞായറാഴ്ച ഇതിന് വഴിയൊരുങ്ങുകയായിരുന്നു.
രാഹുല്‍ ഗാന്ധിയെ കാണമെന്നും സംസാരിക്കണമെന്നും വയനാട്ടുകാരി കൂടിയായ ഈ നേഴ്‌സ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആഗ്രഹം പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് വയനാട്ടിലെ പര്യടനത്തിന്റെ അവസാന ദിവസം രഹുല്‍ഗാന്ധി സാധിച്ച് കൊടുത്തത്. ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടി രാഹുല്‍ ആശുപത്രിയിലെ ഓമനയായിരുന്നുവെന്ന് രാഹുല്‍ ജനിച്ച ഡല്‍ഹി ഹോളിക്രോസ് ആശുപത്രിയിലെ ആ പഴയ രാജമ്മ നേഴ്‌സ് ഒരിക്കല്‍ കൂടെ ഓര്‍ത്തെടുത്തു.
നഴ്‌സ് ജോലിയില്‍ നിന്ന് വിരമിച്ച രാജമ്മ വയനാട് വിശ്രമജീവിതം നയിക്കുമ്പോഴാണ് രാഹുല്‍ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥി ആയി എത്തുന്നത്. പക്ഷെ പ്രചാരണത്തിനിടെ രാഹുലിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വിജയിച്ച് നന്ദിപറയാനായി വയനാട്ടിലെത്തിയപ്പോള്‍ രാഹുല്‍ രാജമ്മയെ കാണന്‍ സമയം മാറ്റി വെക്കുകയായിരുന്നു. അമ്മ സോണിയാഗാന്ധിക്കും അച്ഛന്‍ രാജീവ്ഗാന്ധിക്കും മുന്നേ രാഹുല്‍ഗാന്ധിയെ തലോടിയ കൈകള്‍ തന്റേതാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാജമ്മ സ്‌നേഹപൂര്‍വ്വം പറഞ്ഞു.രാഹുല്‍ ഗാന്ധിക്ക് ചക്ക വറുത്തതും, മുഠായിയുമെല്ലാം നല്‍കിയാണ് രാജമ്മ യാത്രയാക്കിയത്.