വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവം സമാപിച്ചു

മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുമഹോത്സവം സമാപിച്ചു.വ്യാഴാഴ്ച രാത്രി വിവിധ ക്ഷേത്രത്തില്‍ നിന്നുള്ള അടിയറകള്‍ വള്ളിയൂര്‍ക്കാവില്‍ സംഗമിച്ചു.തുടര്‍ന്ന് നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ ആറാട്ടുതറയിലേക്ക് ആറാട്ടെഴുന്നള്ളത്ത് നടത്തി. താഴെക്കാവിലെ ഒപ്പനദര്‍ശനത്തിന് ശേഷം കോലംകൊറ (രുധിരക്കോലം) ചടങ്ങ് നടന്നു.പ്രതീകാത്മകമായി കാളി ദാരികനെ വധിച്ചതോടെ ഉത്സവത്തിന് പരിസമാപ്തിയായി.തുടര്‍ന്ന് ദേവിയുടെ തിരുവായുധമായ വാള്‍ പള്ളിയറ ക്ഷേത്രത്തിലേക്കും അവിടെ നിന്നും എടവക ജിനരാജതരകന്റെ വീട്ടിലേക്കും എഴുന്നള്ളിച്ചു.
മാര്‍ച്ച് 14 ന് പള്ളിയറവാള്‍ വള്ളിയൂര്‍ക്കാവിലേക്ക് എഴുന്നള്ളിച്ചതോടെയാണ് 15 ദിവസം നീണ്ടുനിന്ന ഉത്സവം തുടങ്ങിയത്. ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെലേക്കാവിലും താഴെക്കാവിലുമായി വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി. ക്ഷേത്രത്തിലെത്തിയ വിശ്വാസികള്‍ക്ക് ഉച്ചയ്ക്കും രാത്രിയും അന്നദാനം നല്‍കിയിരുന്നു.
ക്ഷേത്രത്തില്‍ നടത്തിയ വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി പുതുമന ഇല്ലം ഗോവിന്ദന്‍ നമ്പൂതിരി സഹകാര്‍മികത്വം വഹിച്ചു. ഉത്സവം തുടങ്ങി ഏഴാംനാളാണ് ആരാട്ടുത്സവത്തിന് കൊടി ഉയര്‍ത്തിയത്. ഉത്സവം സമാപിച്ച് ഏഴാംനാള്‍ ഇനി കൊടിയിറക്കും.
ക്ഷേത്രത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു, ക്ഷേത്രം എക്‌സി. ഓഫീസര്‍ എം. മനോഹരന്‍, ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പി. മോഹന്‍ദാസ്, ടി. രത്‌നാകരന്‍, ആഘോഷ കമ്മിറ്റി പ്രസിഡന്റ് എം. വേണുഗോപാല്‍, ജന. സെക്രട്ടറി പി.വി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍