സര്‍ഫാസി നിയമം കര്‍ഷകര്‍ ഭയക്കേണ്ടതില്ല:മന്ത്രി.വി.എസ്.സുനില്‍കുമാര്‍ ;നിയമസഭാ സമിതി 21 ന് വയനാട്ടിലെത്തും

കല്‍പ്പറ്റ:സര്‍ഫാസി നിയമത്തിന്റെ മറവില്‍ ബാങ്കുകള്‍ കര്‍ഷകരെ പീഡിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച നിയമസഭാ സമിതി 21ന് വയനാട്ടില്‍ സിറ്റിങ് നടത്തുമെന്നു കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ കാര്‍ഷിക വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ഫാസി നിയമത്തില്‍ കൃഷിഭൂമി ജപ്തി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും കര്‍ഷകര്‍ ഭയക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കേഴ്‌സ് കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്ത് വയനാടിന് പ്രത്യേക പരിഗണന നല്‍കാന്‍ ആവശ്യപ്പെടും. പ്രളയശേഷം കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്ര ചര്‍ച്ച നടത്താന്‍ വയനാട്ടില്‍ രണ്ടു ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കും. കര്‍ഷകര്‍ക്ക് ഈ വര്‍ഷം പലിശരഹിത വായ്പ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നു കര്‍ഷകര്‍ പിന്തിരിഞ്ഞു നില്‍ക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇതിനു മാറ്റം വരണം. ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ കര്‍ഷക സംഘടനാ നേതാക്കളോടും ഉദ്യോഗസ്ഥരോടും മന്ത്രി നിര്‍ദേശിച്ചു. അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തുന്ന മുറയ്ക്ക് കാര്‍ഷിക കോളജ് പ്രവര്‍ത്തനം തുടങ്ങും. ആര്‍എആര്‍എസില്‍ 35 ശാസ്ത്രജ്ഞരുടെ തസ്തികകളാണുള്ളത്. നിലവില്‍ അഞ്ചുപേര്‍ മാത്രമാണ് ഇവിടെയുള്ളത്. ജനുവരി അവസാനത്തോടെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. കൃഷിവകുപ്പിന്റെ വിവിധ പദ്ധതികള്‍ കര്‍ഷകരില്‍ എത്തിക്കുന്നതിനായി കര്‍ഷക സംഘടനകള്‍ ശ്രദ്ധചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്‌കീമുകള്‍ വിശദീകരിച്ച് വകുപ്പ് പ്രസിദ്ധീകരിച്ച കൈപ്പുസ്തകങ്ങള്‍ എല്ലാ സംഘടനാ നേതാക്കള്‍ക്കും ലഭ്യമാക്കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
യോഗത്തില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷാജി അലക്‌സാണ്ടര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍