എല്‍.പി.എസ്.എ റാങ്ക് ലിസ്റ്റില്‍ നിന്നും ഉടന്‍ നിയമനം നടത്തണം: റാങ്ക് ഹോള്‍ഡേഴ്സ് ജില്ലാ കണ്വെന്ഷന്
പനമരം:വയനാട് ജില്ലാ എല്‍.പി.എസ്.എ റാങ്ക് ലിസ്റ്റില്‍ നിന്നും ഉടന്‍ നിയമനം നടത്തണമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.റാങ്ക് ലിസ്റ്റ് നിലവില്‍ വരാത്തതിനാല്‍ താല്‍ക്കാലിക അധ്യാപകരെ നിയമിച്ചാണ് ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ഇത് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരാതിപെടാന്‍ തുടങ്ങിയിട്ട് മാസങ്ങളായെന്നും കണ്വെന്ഷന് അഭിപ്രായപ്പെട്ടു.ജനുവരി മാസം തന്നെ പുതിയ ലിസ്റ്റില്‍ നിന്നും നിയമനങ്ങള്‍ നടത്തി , പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.ജനുവരി മാസം തന്നെ നിയമനങ്ങള്‍ നടത്തിയില്ലെങ്കില്‍ 40 പ്രവൃത്തി ദിനങ്ങള്‍ ലഭിക്കാത്തതിനാല്‍ ഈ അധ്യയന വര്‍ഷം നിയമനം നടക്കാത്ത സ്ഥിതിവിശേഷം ഉണ്ടാകും. ഏതെങ്കിലും കാരണവശാല്‍ നിയമനം നടക്കാതെ വന്നാല്‍ പ്രത്യക്ഷ സമരവുമായി ഇറങ്ങുമെന്നും കേരളത്തിലെ 6000 തോളം എല്‍.പി.എസ്.എ ഉദ്യോഗാര്‍ത്ഥികളും കുടുംബാംഗങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കണ്വെന്ഷന് കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി പി.ജെ ബിനേഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഐ.വി സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ.പ്രമോദ് മാസ്റ്റര്‍ , ബിജു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.രണ്ടാം റാങ്ക് നേടിയ കെ.എസ് സുനിഷ ടീച്ചറെ ആദരിച്ചു. ജിന്‍സി ടീച്ചര്‍ സ്വാഗതവും സി.ജെ അമല്‍ ജിത്ത് നന്ദിയും രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍