വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം ;നാലോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്; വധശ്രമത്തിന് പോലീസ് കേസെടുത്തു
മാനന്തവാടി സഹകരണ കോളേജിലെ മൂന്നാം വര്‍ഷബിരുദ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നാലോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഒരാളുടെ തലയ്ക്ക് ഗുരുതര മുറിവേറ്റു. പരുക്കേറ്റവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളേജില്‍ നടന്ന ആര്‍ട്സ് ഫെസ്റ്റിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ചെറിയ പ്രശ്നം ഒടുവില്‍ ഇന്നലെ കയ്യാങ്കളിയിലെത്തുകയായിരുന്നു. തുടര്‍ന്ന് സംഘടിച്ചെത്തിയ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ എതിര്വിഭാഗത്തിനെ മര്‍ദ്ദിച്ചതായാണ് പരാതി. സംഭവത്തെ തുടര്‍ന്ന് എട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും,കണ്ടാലറിയുന്ന മറ്റ് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പോലീസ് വധശ്രമത്തിന് കേസെടുത്തു.പരാതിയുടെ അടിസ്ഥാനത്തില്‍ ജെസ് വിന് ജോര്‍ജ്ജ്, ബേസില്‍,സ്റ്റെഫിന് സ്റ്റീഫന്‍, ഷിന്റോ ചാക്കോ, അനില്‍ പി, അര്ജ്ജുന്, റംഷാദ്, നിഥിന് ജോണ്സണ് എന്നിവര്‍ക്കെതിരെയും, കണ്ടാലറിയുന്ന അഞ്ച് പേര്‍ക്കെതിരെയുമാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. വളരെ മികച്ച രീതിയില്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മുന്നോട്ട് പോകുന്ന കോളേജിന്റെ സമാധാന അന്തരീക്ഷത്തിന് കളങ്കം വരുത്താന്‍ ശ്രമിക്കുന്ന ചുരുക്കം ചില വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍