ക്യാന്‍സര്‍ ബാധിതരായ അമ്മയും മകനും ചികിത്സാസഹായം തേടുന്നു
കല്‍പ്പറ്റ: ക്യാന്‍സര്‍രോഗ ബാധിതരായ അമ്മയും മകനും ചികിത്സാസഹായം തേടുന്നു. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ പൂതാടി ഗ്രാമപഞ്ചായത്തിലെ മൂട്ടക്കൊല്ലി മാവത്ത് വീട്ടില്‍ ശാരദയും (60) അവരുടെ മകന്‍ ബിജു(43)വും രോഗബാധിതരായി ചികിത്സയിലാണ്. സാമ്പത്തികമായി തീര്‍ത്തും പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍പ്പെട്ട ശാരദക്ക് ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ അമ്മയെ ചികിത്സിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സഹായിയായി നിന്ന മകനും ക്യാന്‍സര്‍ രോഗം ബാധിക്കുകയായിരുന്നു. അമ്മയുടെ ചികിത്സക്ക് തന്നെ സാമ്പത്തികമായി വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ച കുടുംബത്തിന്റെ ഏകതണലും ആശ്രയവുമായിരുന്ന മകന്റെ നട്ടെല്ലില്‍ ബാധിച്ച ക്യാന്‍സറിന്റെ ചികിത്സാചിലവ് ഈ കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിനുമപ്പുറത്താണ്. ബിജുവിന്റെ നട്ടെല്ലിലെ മജ്ജക്ക് ബാധിച്ച അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ഈ ചികിത്സക്ക് 25 മുതല്‍ 35 ലക്ഷം രൂപ വരെ ചിലവ് വരും. ഇത്രയും വലിയ സാമ്പത്തികം കണ്ടെത്താന്‍ ഈ നിര്‍ധന കുടുംബത്തിന് സങ്കല്‍പ്പിക്കുവാന്‍ പോലും പറ്റുന്ന അവസ്ഥയിലല്ല. ഇതുവരെയുള്ള ചികിത്സക്ക് തന്നെ അഞ്ച് ലക്ഷത്തോളം രൂപ ചിലവാഴി കഴിഞ്ഞു. ഇതുതന്നെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം കൊണ്ട് മാത്രമാണ് സാധിച്ചത്. സുമനസ്സുകളുടെ സഹായമുണ്ടെങ്കില്‍ മാത്രമെ തുടര്‍ ചികിത്സ സാധ്യമാവൂ. ഇതിന്റെ പ്രവര്‍ത്തനത്തിനായി ബത്തേരി നിയോജകമണ്ഡലം എം എല്‍ എ ഐ സി ബാലകൃഷ്ണന്‍, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ എന്നിവര്‍ രക്ഷാധികാരികളായി മാവത്ത് ശാരദാ ബിജു ക്യാന്‍സര്‍ റിലീഫ് ഫണ്ട് കമ്മിറ്റി എന്ന പേരില്‍ ഒരു സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്. കേരളാ ഗ്രാമീണ ബാങ്കിന്റെ വാകേരി ശാഖയില്‍ 40211101020649 നമ്പറായി ഒരു അക്കൗണ്ട് സമിതിയുടെ പേരില്‍ ആരംഭിച്ചിട്ടുണ്ട്. (ഐ എഫ് എസ് സി കോഡ്: കെഎല്‍ജിബി0040211). സുമനസ്സുകളുടെ സഹായം ഈ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് സമിതി ചെയര്‍മാന്‍ സത്യാലയം തമ്പി, കണ്‍വീനര്‍ കെ പി മധു, ഖജാന്‍ജി കെ ആര്‍ ഷാജന്‍ എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍