മൂന്ന് പേരുടെ അസ്വാഭാവിക മരണം; പോലീസ് കേസെടുത്തു; അന്വേഷണം പുരോഗമിക്കുന്നു

മാനന്തവാടി:വെളളമുണ്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാരാമ്പറ്റ കാവുംകുന്ന് കോളനിയിലെ തിഗന്നായി (65) മകന്‍ പ്രമോദ് (35), ബന്ധുവായ പ്രസാദ് (38) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യം കഴിച്ചതിനെ തുടര്‍ന്ന് അവശരായാണ് മൂവരും മരിച്ചത്. മന്ത്രവാദക്രിയകള്‍ നടത്തി വരുന്ന തിഗന്നായിക്ക് മദ്യമെത്തിച്ച് നല്‍കിയ മാനന്തവാടി സ്വദേശിയായ യുവാവിനേയും, യുവാവിന് മദ്യം നല്‍കിയ സ്വര്‍ണ്ണപണിക്കാരനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആന്തരാവയങ്ങളുടേയും, പരേതര്‍ കുടിച്ച മദ്യത്തിന്റേയും പരിശോധന ഫലം അനുസരിച്ചാണ് തുടര്‍നടപടികളെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ അറിയിച്ചു.
മരണപ്പെട്ട മൂന്നുപേരുടേയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാവുകുന്ന് കോളനിയിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഇവരുടെ ആന്തരികാവയവങ്ങള്‍ പരിശോധനക്കായി ലാബിലേക്കയച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെഎം ദേവസ്യ അറിയിച്ചു. പോസ്റ്റുമോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്റെ മൊഴിയെടുത്തശേഷമായിരിക്കും തുടര്‍നടപടികള്‍ പുരോഗമിക്കുകയെന്നും, കൂടാതെ മദ്യത്തിന്റെ സാമ്പിള്‍ കോടതി മുഖാന്തിരം ലാബിലേക്കയച്ച് പരിശോധിച്ച് അതിന്റെ കൂടി റിസല്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അന്വേഷണം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടില്‍ വെച്ച് പൂജാകര്‍മ്മങ്ങളും ഗുളികന്‍ സേവയും നടത്തി വരുന്ന വ്യക്തിയായ തിഗന്നായിയാണ് ആദ്യം മരിക്കുന്നത്. ഇന്നലെ ഉച്ചയോടെ മാനന്തവാടി സ്വദേശിയായ യുവാവ് പൂജയ്ക്കാവശ്യമായ മദ്യവുമായി തിഗന്നായിയുടെ വീട്ടിലെത്തുകയായിരുന്നു. യുവാവിന് മദ്യം വാങ്ങി നല്‍കിയത് മാനന്തവാടിയിലെ ഒരു സ്വര്‍ണ്ണ പണിക്കാരനാണെന്ന് യുവാവ് ഓപ്പണ്‍ ന്യൂസറോട് രാവിലെ പറഞ്ഞിരുന്നു. 500 രൂപ നല്‍കിയ തനിക്ക് മിലിട്ടറി മദ്യമാണെന്ന് പറഞ്ഞാണ് മദ്യം നല്‍കിയതെന്ന്ും യുവാവ് വ്യക്തമാക്കി. ഗുളികന് നല്‍കിയ ശേഷം മദ്യം സേവിച്ച തിഗന്നായി കുഴഞ്ഞു വീഴുകയായിരുന്നു. എന്നാല്‍ ഹൃദയാഘാതമാണെന്ന് തെറ്റിദ്ധരിച്ച മകനും ബന്ധുക്കളും യുവാവിന്റെ കാറില്‍ തിഗന്നായിയെ തരുവണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും ജില്ലാശുപത്രിയിലേക്കുള്ള യാത്രാ മധ്യേ തിഗന്നായി മരിക്കുകയായിരുന്നു.
തുടര്‍ന്ന് ഇന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്താനിരിക്കെയാണ് രാത്രിയോടെ തിഗന്നായിയുടെ മകന്‍ പ്രമോദും, ഭാര്യാ സഹോദരിയുടെ മകന്‍ പ്രസാദും അവശേഷിച്ച മദ്യം കഴിക്കുന്നത് .
മദ്യം കഴിക്കുന്നതിനിടെ ഇരുവര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഇന്നലെ രാത്രി പത്തര മണിയോടെയാണ് സംഭവം. തുടര്‍ന്ന് ഇരുവരേയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചൂവെങ്കിലും പ്രമോദ് യാത്രാ മധ്യേയും, പ്രസാദ് ആശുപത്രിയില്‍ വെച്ചും മരിക്കുകയായിരുന്നു. ഇരുവരും കഴിച്ച മദ്യത്തിന്റെ സാമ്പിള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. സാധാരണ ഗതിയില്‍ വിഷം കഴിച്ചാല്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളൊന്നും ഇവരില്‍ കാണാനില്ലെന്നും, മാരകമായ ഏതോയിനം വിഷം മദ്യത്തില്‍ കലര്‍ന്നിരിക്കുന്നതായി സംശയിക്കുന്നതായും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ആശുപത്രിയിലെത്തിച്ചിരിക്കുന്ന സാമ്പിളില്‍ മദ്യത്തിന്റേയോ, മറ്റ് സാധാരണ വിഷപദാര്‍ത്ഥങ്ങളുടേയോ രൂക്ഷ ഗന്ധമില്ലെന്നുള്ളതും സംശയം ജനിപ്പിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
എന്തുതന്നെയായാലും മൂന്ന് പേരുടെ ആകസ്മിക മരണത്തില്‍ നാടൊട്ടുക്കും ഞെട്ടല്‍ ഉളവായിരിക്കുകയാണ്. മദ്യംകഴിച്ച ശേഷം അരമണിക്കൂറിനുള്ളില്‍ തന്നെ മൂവരും മരിക്കാനിടയാക്കിയ സംഭവം ഏറെ ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇടനല്‍കുന്നുണ്ട്. മദ്യത്തില്‍ മാരകമായ വിഷം കലര്‍ന്നിരിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. എന്നാല്‍ ആര് ആര്‍ക്കുവേണ്ടി ആരെ കൊല്ലാന്‍/കുടുക്കാന്‍ ഇത്തരത്തിലൊരു പാതകം ചെയ്തുവെന്നുള്ളതാണ് ഏവരെയും കുഴപ്പിക്കുന്ന ചോദ്യം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍