കിക്കോഫ്: ജില്ലയിലെ ആദ്യ ഫുട്ബോള്‍ പരിശീലന കേന്ദ്രം പനമരത്ത്
പനമരം: സംസ്ഥാന സര്‍ക്കാര്‍ കേരള ഫുട്ബോളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സ്കൂളുകളില്‍ നടപ്പിലാക്കുന്ന കിക്കോഫ് ഗ്രാസ് റൂട്ട് ഫുട്ബോള്‍ പരിശീലന പദ്ധതി ജില്ലയില്‍ പനമരത്ത് തുടക്കം കുറിക്കും. പനമരം ഗവ.ഹയര്‍സെക്കന്ററി സ്കൂളിലാണ് ഈ പദ്ധതി നടപ്പിലാക്കുക. വയനാട് ജില്ലയിലെ ഏക കേന്ദ്രമാണിത്. മാനന്തവാടി എം.എല്‍.എ ഒ.ആര് കേളുവിന്റെ ഇടപെടലുകളുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ പനമരത്ത് ഈ സെന്റര്‍ അനുവദിച്ചത്.
യുറോപ്യന്‍ ശൈലിയിലുള്ള അണ്ടര്‍ 10, അണ്ടര്‍ 13 വിഭാഗത്തിലുള്ള കൗമാര ഫുട്ബോള്‍ സംസ്ഥാനത്ത് 15 വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുക. ്കുട്ടികളിലെ ഫുട്ബോള്‍ കളിയോടുള്ള സമീപനം തുടക്കത്തിലേ കണ്ടെത്തി പരിശീലിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.എല്ലാ ആഴ്ചയിലും 2 ദിവസത്തെ പരിശീലനമാണ് നല്‍കുക. കുട്ടികള്‍ക്ക് ആവശ്യമായ ലഘു ഭക്ഷണം, ജേഴ്സി, ബൂട്ട് ഉള്‍പ്പെടെയുള്ളവ സൗജന്യമായി നല്‍കും. ഓരോ സെന്ററിലും, കോച്ച്, അസിസ്റ്റന്റ് കോച്ച് എന്നിവയുടെ സേവനവും ലഭ്യമാക്കും. അതോടൊപ്പം തന്നെ വിദ്ധഗ്ദരായ വിദേശ കോച്ചുകളുടെ സേവനവും ഈ കേന്ദ്രങ്ങളില്‍ ഫുട്ബോള്‍ പരിശീലിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കും. ബന്ധപ്പെട്ട എം.എല്‍എ ചെയര്‍മാനായ കമ്മിറ്റിയാണ് ഈ സെന്ററിന്റെ ഭരണചുമതല.സ്പോര്‍ട്സ് കൗണ്‍സില്‍, കേരള ഫുട്ബോള്‍ അസോസിയേഷന് എന്നിവയുടെ നിരീക്ഷണത്തലാകും ഈ സെന്റര്‍ പ്രവര്‍ത്തിക്കുക. ജില്ലയിലെ ഫുട്ബോളിന്റെ ഈറ്റില്ലമായ പനമരത്ത് ഈ സെന്റര്‍ സ്ഥാപിക്കുന്നതോടെ ജില്ലയിലെ ഫുട്ബോള്‍ മേഖല ഉണര്വിന് സാക്ഷ്യം വഹിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍