നാട്ടുകാരെ വെട്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് പോലീസ് പിടിയില്‍; പിടിയിലായത് എട്ടേനാലില്‍ മോഷണശ്രമത്തിനിടെ പിടിയിലായ മോഷ്ടാവിന്റെ കൂട്ടാളി
കണ്ണൂര്‍ അരീക്കാമല വളയാങ്കല് വിപിന്‍ കുര്യന് (24) നെയാണ് വെള്ളമുണ്ട പോലീസ് തലശ്ശേരിയില്‍വെച്ച് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി എട്ടേനാലിലെ തുന്നന്‍ ആയിഷയുടെ വീട്ടില്‍ കൂട്ടാളിയായ ഇരിട്ടി സ്വദേശി പ്രശാന്തുമൊന്നിച്ച് മോഷണം നടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രശാന്തിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയെങ്കിലും വിപിന്‍ രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ വിശദമായ അന്വേഷണത്തിനൊടുവില്‍ എഎസ്ഐ പൗലോസ്, എസ് സിപിഓ ബിജു വര്‍ഗ്ഗീസ്, സിപിഓ മാരായ രാജേഷ്, മുഹമ്മദ് എന്നിവരടങ്ങുന്ന സംഘം തലശ്ശേരിയില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.മോഷണ സംഭവത്തെ തുടര്‍ന്ന് ഐപിസി 392,452,457 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം വെള്ളമുണ്ട പോലീസ് കേസ്രജിസ്റ്റര്‍ ചെയ്തിരുന്നു. നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച ഇരിട്ടി സ്വദേശി പ്രശാന്തിനെ കഴിഞ്ഞ ദിവസം കോടതി റിമാണ്ട് ചെയ്തിരുന്നു. ഇരുവരും മുമ്പും മോഷണകേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ആളില്ലാത്ത തക്കം നോക്കി എട്ടേനാല് സ്വദേശി തുന്നന്‍ ആയിഷയുടെ വീട്ടില്‍ ടെറസ് വഴി അതിക്രമിച്ച് കയറി മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാരെത്തി കയ്യോടെ പിടികൂടിയത്. വിപിനില്‍ നിന്നും തൊണ്ടിമുതലായ 22000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍