അശാസ്ത്രീയ ഭൂവിനിയോഗം മണ്ണിടിച്ചിന്റെ ആഘാതം കൂട്ടിയതായി പഠനം

കല്‍പ്പറ്റ:വയനാട് ജില്ലയിലെ മലയോരങ്ങളിലെയും കുന്നുകളിലെയും നീര്‍ച്ചാലുകളുടെ ഗതിമാറ്റം മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും ആക്കം കൂട്ടിയതായി ജില്ലാ മണ്ണ് സംരക്ഷണം വിഭാഗം നടത്തിയ പ്രാഥമിക പഠനം സൂചിപ്പിക്കുന്നു. മിക്കയിടങ്ങളിലും കനത്ത വേനല്‍ മഴയെ തുടര്‍ന്ന് മണ്ണ് കുതിര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് ജൂണ്‍ മുതല്‍ 80 ദിവസങ്ങളിലായി ഉണ്ടായ അതിവര്‍ഷം കുന്നുകളെയും മലയോരങ്ങളെയും കൂടുതല്‍ ദുര്‍ബലമാക്കി. ഏറ്റവും കുടുതല്‍ മലയോരം ഊര്‍ന്നിറങ്ങിയ കുറിച്യാര്‍മല, പ്രീയദര്‍ശനി എസ്റ്റേറ്റ്, പഞ്ചാരക്കൊല്ലി , അമ്മാറ ആനോത്ത്, ചേലോട്, വൈത്തിരി പോലീസ് സ്റ്റേഷന്‍കുന്ന് എന്നിവടങ്ങളില്‍ നേരത്തെയുണ്ടായിരുന്ന നീര്‍ച്ചാലുകളുടെ സ്വഭാവികമായ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ടാകാം. പ്രദേശങ്ങളിലെ ഭൂവിനയോഗത്തില്‍ വന്ന മാറ്റവും അശാസ്ത്രീയമായ നിര്‍മ്മാണവുമാണ് ഈ മേഖലയില്‍ വന്‍തോതില്‍ മണ്ണ് ഊര്‍ന്നിറങ്ങാന്‍ കാരണമായത്.
മണ്ണിനകത്തേക്കിറങ്ങിയ വെള്ളം ഉറച്ച പ്രതലത്തില്‍ കെട്ടി നില്‍ക്കുകയും ത•ൂലം ഉണ്ടായ മര്‍ദ്ദം ഉരുള്‍പൊട്ടലിലേക്ക് നയിക്കുകയുമാണ് ഉണ്ടായത്. പ്രദേശത്തിന്റെ കൂടിയ ചെരിവ്, കളിമണ്ണിന്റെ ആധിക്യം, ചുരുങ്ങിയ സമയത്തുണ്ടായ അതി ശക്തമായ മഴ എന്നീ കരാണങ്ങളാണ് ഉരുള്‍ പൊട്ടലിനിടയാക്കിയത്. ചരലും കളിമണ്ണും കലര്‍ന്ന ചുവന്ന മണ്ണുള്ള പ്രദേശങ്ങളിലാണ് ശക്തമായ മണ്ണിടി്‌ലുണ്ടായത്. മണ്ണിന്റെ ഉപരിതലത്തിലേക്ക് അമിതമായ അളവില്‍ വെള്ളം ഇറങ്ങിയതിനാല്‍ ചരലും കളിമണ്ണും വേര്‍പെടുകയായിരുന്നു. കളിമണ്ണ് താഴേക്കിറങ്ങി ഉറച്ച പ്രതലത്തിലൂടെ ചെരിവുകളില്‍ തിരശ്ചീനമായി പ്രവഹിക്കുകയും ഭൂമിയുടെ തുലനത നഷ്ടപ്പെടുകയുമായിരുന്നു. ഇത് കനത്ത മണ്ണിടിച്ചിലിന് കാരണമായതായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ് പറഞ്ഞു.പിലാക്കാവ് മണിയന്‍കുന്ന്, തലപ്പുഴ ശിവഗിരിക്കുന്ന്, വൈത്തിരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ഇത്തരത്തിലുള്ള മണ്ണിടിച്ചിലാണുണ്ടായത്.
കുന്നുകളില്‍ വിള്ളലുകളും ,ഭൂമി ഇടിഞ്ഞ് താഴേക്ക് ഇരിക്കലും വ്യാപകമായി കാണുന്നുണ്ട്. വയലുകളിലേക്കും ചതുപ്പുകളിലേക്കും ചെരിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതലായി ഇങ്ങനെ കാണപ്പെടുന്നത്. ജലാഗിരണത്തിന്റെ അമിതമായ അളവ് വയലുകളെ കുടുതല്‍ ചതുപ്പുകളാക്കി മാറ്റപ്പെടുത്തിയത് കുന്നുകള്‍ നിരങ്ങി നീങ്ങുന്നതിനിടയാക്കി. തിരുനെല്ലി പഞ്ചായത്തിലെ പ്ലാമൂല, എടയൂര്‍ക്കുന്ന്, തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉദയഗിരി,ഒഴക്കോടി,പുതിയിടം, മാനന്തവാടി മുന്‍സിപ്പാലിറ്റി പരിധിയിലെ ജെസ്സി എസ്റ്റേറ്റ് , ചിറക്കര , കുറ്റിമൂല മേപ്പാടി, വൈത്തിരി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രതിഭാസത്തിന് വിധേയമായിട്ടുണ്ട്.കെട്ടിടങ്ങളുടെയും വീടുകളുടെയും തകര്‍ച്ചയ്ക്ക് ഇടയാക്കിയ ഈ പ്രതിഭാസം ചതുപ്പുകളിലും ഇതിനോട് ചേര്‍ന്നും നിര്‍മ്മിക്കപ്പെട്ടിട്ടുള്ള വന്‍ കെട്ടിടങ്ങള്‍ക്ക് ഭാവിയില്‍ ഭീഷണിയായേക്കാം.
ശശിമല, കോളിയാടിക്കുന്ന്, മുട്ടില്‍മല തുടങ്ങിയ പലകുന്നുകളിലും വ്യാപകമായി കാണുന്ന പെട്ടന്നുണ്ടായ ശക്തമായ ഉറവകള്‍ ജനങ്ങളുടെ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിലെ ഉറവകളിലൂടെയുള്ള സ്വഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുത്തരുതെന്നും ഈ കുന്നുകളില്‍ മണ്ണിടിച്ചിലിനോ ഉരുള്‍പൊട്ടലിനോ ഉള്ള സാധ്യതകള്‍ ഒഴിവായിട്ടുണ്ടെന്നും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍