കാലവര്‍ഷക്കെടുതി;വയനാട് ജില്ലയില്‍ മരണം നാലായി; 10,949 പേരെ പുനരധിവസിപ്പിച്ചു

കല്‍പ്പറ്റ:രണ്ടുദിവസം തിമിര്‍ത്തു പെയ്ത മഴയില്‍ വയനാട് ജില്ല ഇതുവരെ അനുഭവിക്കാത്ത ദുരിതക്കയത്തിലൂടെയാണ് കടന്നുപോകുന്നത്. മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും ഇതുവരെ ദമ്പതികളടക്കം നാലുപേര്‍ മരിച്ചു. മാനന്തവാടി തലപ്പുഴയ്ക്ക് സമീപം മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മംഗലശ്ശേരി വീട്ടില്‍ റസാഖ് (40), ഭാര്യ സീനത്ത് (32), വൈത്തിരി പോലിസ് സ്‌റ്റേഷനടുത്തുള്ള ലക്ഷംവീട് കോളനിയിലെ തോളിയിലത്തറ ജോര്‍ജിന്റെ ഭാര്യ ലില്ലി (62), വെള്ളാരംകുന്നില്‍ മണ്ണിടിച്ചലില്‍പ്പെട്ട് മൂപൈനാട് കടല്‍മാട് സ്വദേശി വാറങ്ങോട്ട് ഷൗക്കത്തലി (33) എന്നിവരാണ് മരിച്ചത്. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 2744 കുടുംബങ്ങളില്‍ നിന്നും 10,949 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 245.37 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മണ്‍സൂണില്‍ ഇതുവരെ 2670.56 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് കണക്ക്. 20 വീടുകള്‍ പൂര്‍ണമായും 536 വീടുകള്‍ ഭാഗികമായും നശിച്ചു. ജില്ലയില്‍ ഇതുവരെ മഴക്കെടുതിയില്‍ ഒന്‍പതു ജീവന്‍ നഷ്ടപ്പെട്ടു. 23 പേര്‍ക്ക് വിവിധ അപകടങ്ങളില്‍ പരിക്കേറ്റു. പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ റിസര്‍വോയറിലെ ജലനിരപ്പ് 775.6 എംഎസ്എല്‍ ആണ്. കാരാപ്പുഴയില്‍ 758.2 എംഎസ്എല്‍ രേഖപ്പെടുത്തി. ദുരിതബാധിത പ്രദേശങ്ങളില്‍ ഊര്‍ജിത രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജില്ലയിലെ പൊലിസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. കളക്ടറേറ്റിലും മൂന്നു താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമായി വരുന്നവര്‍ 9747707079, 9746239313, 9745166864 എന്നി നമ്പറുകളില്‍ ബന്ധപ്പെടണം. ദേശീയ ദുരന്ത നിവാരണ സേന, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് (ഡി.എസ്.സി), നാവികസേന എന്നിവരുടെ 150 സൈനികര്‍ അടങ്ങിയ സംഘം ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ജില്ലയിലുണ്ട്. കൂടാതെ ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സംഘവും പൊലിസും സമയോചിത ഇടപ്പെടല്‍ നടത്തുന്നുണ്ട്. മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പേരും പങ്കാളികളാവണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വൈദ്യ സഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ക്കായി താഴെ പറയുന്ന കളക്ടറേറ്റ് ജീവനക്കാരുമായി ബന്ധപ്പെടണം. ബി. അഫ്‌സല്‍ (സീനിയര്‍ സുപ്രണ്ട്) - 9447707079, പി. സെബാസ്റ്റ്യന്‍ - 9746239313, സന്ദീപ് - 9745166864.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍