മുടങ്ങിക്കിടന്ന റേഷന്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശമായി
കല്‍പ്പറ്റ:നാല് വര്‍ഷമായി മുടങ്ങിക്കിടന്ന റേഷന്‍ സംബന്ധിയായ അപേക്ഷകള്‍ സ്വീകരിക്കുന്നത് വീണ്ടും തുടങ്ങി. ഇത് സംബന്ധിച്ച് സിവില്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നും സംസ്ഥാനത്തെ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും സിറ്റി റേഷനിംഗ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി. പുതിയ ഉത്തരവ് പ്രകാരം പുതിയ റേഷന്‍ കാര്‍ഡിനും, കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനും കാര്‍ഡിലുള്‍പ്പെട്ട അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനും കാര്‍ഡില്‍ തിരുത്തല്‍ വരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാനും ഇനി താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും സിറ്റി റേഷനിംഗ് ഓഫീസര്‍മാര്‍ക്കും അപേക്ഷ നല്കിയാല് മതിയാവും. കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍, റേഷന്‍ കാര്‍ഡ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍ തുടങ്ങിയ അപേക്ഷകളും ഈ ഓഫീസുകളില്‍ തന്നെ സമര്‍പ്പിച്ചാല്‍ മതിയാവും. നാല് വര്‍ഷമായി ഇത്തരവം അപേക്ഷകള്‍ വകുപ്പുകളില്‍ സ്വീകരിക്കാത്തത് ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷാ ഫോമുകള്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലും സിറ്റി റേഷനിംഗ് ഓഫിസുകളില്‍ നിന്നും സൗജന്യമായി ലഭിക്കും. അപേക്ഷാ ഫോമുകളുടെ മാതൃക എല്ലാ റേഷന്‍ ഡിപ്പോകളിലും പഞ്ചായത്ത് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്പോര്‍ട്ടലിലും അപേക്ഷാ ഫോറങ്ങളുടെ മാതൃകയുണ്ട്. അപേക്ഷകള്‍ സ്വീകരിക്കാന്‍ ഓരോ താലൂക്കിലും ഫ്രണ്ട് ഓഫീസ് സൗകര്യമേര്പ്പടുത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. പുതിയ ഉത്തരവോടെ റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികളും അപേക്ഷകളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍