അക്ഷരമരവും അക്ഷരവണ്ടിയും വായനാദിനത്തിന് പുതുമയേകി
അക്ഷരമരവും അക്ഷരവണ്ടിയുമൊരുക്കി വായനാദിനാചരണം വ്യത്യസ്തമാക്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്, ജില്ലാ സാക്ഷരതാ മിഷന്, സമഗ്ര ശിക്ഷാ അഭിയാന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടത്തിയ വായനാദിനാചരണവും വാരാഘോഷവുമാണ് പതിവു പരിപാടികളില്‍ നിന്ന് വേറിട്ട അനുഭവമായത്. സ്കൂള്‍ അങ്കണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ വായനാ മരത്തില്‍ മലയാള സാഹിത്യത്തിലെ കൃതികളുടെ പേരുകള്‍ ഇലകളായി നിറഞ്ഞു. പുസ്തകമാണ് ഏറ്റവും ഉത്തമ സുഹൃത്തെന്ന സന്ദേശം ശിഖിരത്തില്‍ ചാര്‍ത്തി യുവകവി സാദിര്‍ തലപ്പുഴ വായന പടര്‍ന്നു പന്തലിക്കട്ടെ എന്നാശംസിച്ചു. അക്ഷര മരത്തെ സാക്ഷി നിര്‍ത്തി വായനാദിന പ്രതിജ്ഞ കൈക്കൊണ്ടു.
ഗ്രാമ ഗ്രാമാന്തരം വീടു വീടാന്തരം സഞ്ചരിച്ച് വായനാ പ്രചാരണം നടത്തിയ പി.എന്‍. പണിക്കരെ അനുസ്മരിച്ച് പുസ്തകവണ്ടിയും ഒരുക്കിയിരുന്നു. ക്ലാസുകള്‍ തോറും വായനയുടെ സന്ദേശവും പുസ്തകങ്ങളും വിതരണം ചെയ്യുക എന്നതായിരുന്നു പുസ്തക വണ്ടിയുടെ ലക്ഷ്യം. 4500 പുസ്തകങ്ങളും മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളും നാല് ദേശീയ ദിനപ്പത്രങ്ങളും അണിനിരത്തിയ പുസ്തക പ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വള്ളത്തോള്‍, ഉള്ളൂര്‍, കുമാരനാശാന്, തകഴി, ചങ്ങമ്പുഴ, ഇടശ്ശേരി, ജി. ശങ്കരകുറുപ്പ്, കോവിലന്, വൈലോപ്പിള്ളി, ഒളപ്പമണ്ണ, എം. ഗോവിന്ദന്, കുട്ടിക്കൃഷ്ണമാരാര്, വി.ടി. കുമാരന്, കടത്തനാട്ട് മാധവിയമ്മ, വത്സല, ഗീതാ ഹിരണ്യന്, ലളിതാംബിക അന്തര്‍ജ്ജനം, ടി. പത്മനാഭന്, എന്‍.എന്‍. കക്കാട്, സി. രാധാകൃഷ്ണന്, വൈക്കം മുഹമ്മദ് ബഷീര്‍, പൊന്‍കുന്നം വര്‍ക്കി, സച്ചിദാനന്ദന്, തിക്കോടിയന്, വി.കെ.എന്‍, കാക്കനാടന്, കെ. സരസ്വതിയമ്മ, സഞ്ജയന്, സേതു, അക്കിത്തം, തോപ്പില്‍ ഭാസി, കെ.പി.അപ്പന്, കാരൂര്‍ നീലകണ്ഠപിള്ള, മുട്ടത്തു വര്‍ക്കി, നാലപ്പാട്ട് നാരായണമേനോന്, ചെറുകാട്, കുഞ്ഞുണ്ണി, കെ.ദാമോദരന്‍, കെ.ജി.ശങ്കരപ്പിള്ള, മാധവിക്കുട്ടി, അയ്യപ്പപ്പണിക്കര്‍,സക്കറിയ, ഉറൂബ്, കടമ്മനിട്ട, ഇ.എം.എസ്, ഒ.എന്‍.വി, എം.ടി, ഒ.വി.വിജയന്, സുകുമാര്‍ അഴീക്കോട്, വയലാര്‍ രാമവര്‍മ്മ, എം. മുകുന്ദന്, എസ്.കെ പൊറ്റെക്കാട്, യു.എ. ഖാദര്‍, സുഗതകുമാരി, പുനത്തില്‍ കുഞ്ഞബ്ദുള്ള, ബാലചന്ദ്രന് ചുള്ളിക്കാട് എന്നിങ്ങനെ പ്രശസ്തരും, മണ്മറഞ്ഞതുമായ സാഹിത്യ നായകന്മാരുടെ ചിത്രവും, ദാവിഞ്ചി, പിക്കാസൊ, രാജാരവിവര്‍മ്മ, മൈക്കലാഞ്ചലോ, വാന്‍ഗോഗ്, ശങ്കര്‍, കെ.സി.എസ്. പണിക്കര്‍, എം.എഫ് ഹുസൈന് എന്നീ പ്രശസ്ത ചിത്രകാരന്മാരുടെ രചനകളും ചിത്രങ്ങളും കൊണ്ട് സമ്പന്നമായിരുന്നു പ്രദര്‍ശനം. വാരാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശന വിപണനം ജൂണ്‍ 25 വരെ സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ അരങ്ങേറും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍