കെ.എസ്.ആര്.ടി.സി പാസ്സിനുള്ള അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചു ;അപേക്ഷകരുടെ ബാഹുല്യം കാരണമാണ് തീരുമാനം; ടോക്കന്‍ നല്‍കിയവര്‍ക്ക് പാസുകള്‍ നല്‍കും
വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്രാ പാസ് അനുവദിക്കുന്നതിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മാനന്തവാടി കെ എസ് ആര് ടി സി ഏ.ടി.ഒ സുനില്‍ കുമാര്‍ അറിയിച്ചു. അപേക്ഷകളുടെ ബാഹുല്യം കാരണം പാസ് നല്കുന്നതില് കാലതാമസം നേരിടുന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസവും, ഇന്നും വരിനിന്ന് ടോക്കന്‍ കരസ്ഥമാക്കിയവര്‍ക്ക് സമയബന്ധിതമായി പാസ് നല്‍കുന്നതാണ്. ജൂണ്‍ 27 വരെയുള്ള അപേക്ഷകള്‍ക്കുള്ള ടോക്കണുകളാണ് നല്‍കിയിരിക്കുന്നത്. അത് മുഴുവന്‍ വരും ദിവസങ്ങളില്‍ കൊടുത്ത് തീര്‍ക്കും. അതിന് ശേഷം മാത്രമായിരിക്കും പുതിയ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുകയുള്ളൂവെന്നും ഏടി ഒ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ അപേക്ഷ ഫോം വാങ്ങാനെത്തിയവര്‍ കെ എസ് ആര് ടി സി ഡിപ്പോയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പുലര്‍ച്ചെ മുതല്‍ വരിനിന്നവര്‍ക്കു പോലും അപേക്ഷ ഫോമുകള്‍ ലഭിക്കാതെ വന്നതാണ് ബഹളത്തിനും, പ്രതിഷേധത്തിനും കാരണമാക്കിയത്. പല ദിവസങ്ങളിലായി ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ പോലീസടക്കം പല തവണ സ്ഥലത്ത് നിലയുറപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇത്തരമൊരു ഘട്ടത്തിലാണ് കെ എസ് ആര് ടി സി അധികൃതര്‍ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍