വി.ജി. വിജയന് സ്മാരക പ്രഭാഷണവും അനുസ്മരണവും 19ന്; വിദ്യാര്‍ത്ഥികള്‍ക്കുള്ള മാധ്യമ ശില്‍പ്പശാല 16 മുതല്‍ 18 വരെ
കല്‍പ്പറ്റ: വയനാട്ടിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന വി.ജി. വിജയന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ മേയ് 19ന് കേരള മീഡിയ അക്കാദമി, വയനാട് പ്രസ് ക്ലബ്ബ്, വി.ജി. വിജയന് അനുസ്മരണ സമിതി എന്നിവരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരസഭാ ടൗണ്‍ ഹാളില്‍ വി.ജി. വിജയന് സ്മാരക പ്രഭാഷണവും അനുസ്മരണവും നടത്തും. രാവിലെ 10.30ന് സ്വാഗതസംഘം ചെയര്മാന് സി.കെ. ശശീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ പി.ഒ. ഷീജ സ്വാഗതവും കേരള മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് ആമുഖ പ്രഭാഷണവും നടത്തും. ഫ്രണ്ട്ലൈന് സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്, വി.ജി. വിജയന് സ്മാരക പ്രഭാഷണം നടത്തും. 'ജനാധിപത്യത്തിലെ ബഹുസ്വരത, ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്നതായിരിക്കും' വിഷയം. വി.ജി. വിജയന് സ്മരണിക പ്രകാശനം സി.എന്‍. ജയദേവന് എം.പി. നിര്‍വഹിക്കും. മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം. കമല്‍ ഏറ്റുവാങ്ങും.
അനുസ്മരണ പരിപാടിയോടനുബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തിയ ഉപന്യാസ മല്‍സരത്തിലെ വിജയികള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ സമ്മാനവിതരണം നടത്തും. മല്‍സരത്തില്‍ സി.എ. അര്‍ച്ചന ( തിരൂര്‍ മലയാളം സര്‍വകലാശാല), എന്‍. മുഹമ്മദ് ഇര്‍ഷാദ് (അരീക്കോട് ക്രസന്റ് ആര്‍ട്സ് കോളജ്), എ.കെ. മുഹമ്മദ് അജ്മല്‍ (ലക്കിടി വെറ്ററിനറി കോളജ്) എന്നിവര്‍ യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടി. ഒ.കെ. ജോണി അനുസ്മരണ പ്രഭാഷണം നടത്തും. മീഡിയ വണ്‍ ചീഫ് എഡിറ്റര്‍ സി.എല്‍. തോമസ്, പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും അനുസ്മരണം നടത്തും. പരിപാടിയുടെ ഭാഗമായി 16 മുതല്‍ 18 വരെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കല്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹാളില്‍ മാധ്യമ ശില്പശാല നടത്തും. 16ന് രാവിലെ 10ന് പ്രമോദ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്യും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍