വരള്‍ച്ച: കടമാന്തോട്ടില് കൈത തൈ നട്ടു
പുല്‍പ്പള്ളി മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചയും ജലക്ഷാമവും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കടമാന്‍തോടിന്റെ ഉത്ഭവ സ്ഥാനം മുതല്‍ തൈകള്‍ നട്ട് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി സി.കെ. രാഘവന് മെമ്മോറിയല്‍ ബിഎഡ് സെന്റര്‍ വിദ്യാര്‍ഥികള്‍. മുന്‍ കാലങ്ങളില്‍ തോടിന്റെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന കൈതക്കാടുകള്‍ തോടിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി പൂര്‍ണമായും നശിപ്പിച്ചതോടെ മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം നിമിഷങ്ങള്‍ക്കകം കബനി നദിയിലെത്തുന്ന അവസ്ഥയാണ്. ഇതിന് പരിഹാരം കാണുന്നതിന് കടമാന്‍തോടിനെ ജലസംരക്ഷണകേന്ദ്രമാക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായി നൂറോളം വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കമായത്. വന പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച കൈത കന്പുകളും തൈകളുമാണ് തോടിന്റെ ഇരുവശവും നട്ടത്. വരും ദിവസങ്ങളിലും കൂടുതല്‍ തൈകള്‍ നടാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. തൈ നടീലിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. എന്‍.യു. ഉലഹന്നാന്, കെ.ആര്. ജയരാജ്, ഡോ.ടി.പി. പവിത്രന്, സി.ഡി. ബാബു, ബെന്നി മാത്യു, ലിനു പി. ജോസ്, കെ.എന്‍. രമേശന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍