പിലാക്കാവില്‍ കുരിശടി തകര്‍ത്ത സംഭവം: പ്രദേശവാസിയായ യുവാവ് അറസ്റ്റില്‍
പിലാക്കാവ് സെയ്ന്റ് ജോസഫ് ്രൈകസ്തവ ദേവാലയത്തിന്റെ കുരിശടി തകര്‍ത്ത സംഭവത്തിലെ പ്രതിയായ യുവാവിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. പിലാക്കാവിലെ കാക്കുന്നത്ത് സുനോജിനെയാണ് (30) മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി കോട്ടയം പൊയില്‍ സ്വദേശിയായ ഇയാള്‍ പിലാക്കാവില്‍ വിവാഹം കഴിച്ച് താമസിക്കുകയാണ്. ലോട്ടറി വില്പന നടത്തിയാണ് ഉപജീവനം നടത്തുന്നത്. പിലാക്കാവ് ടൗണില്‍ സ്ഥാപിച്ച സെയ്ന്റ് ജോസഫ് ദേവാലയത്തിന്റെ കുരിശടിയ്ക്കാണ് സുനോജ് നാശം വരുത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.ഇന്ന് രാവിലെയാണ് കുരിശടി തകര്‍ത്തത് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പ്രാഥമിക സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രദേശവാസിയായ സുനോജിനെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പെരുമാറിയതുമായി ബന്ധപ്പെട്ട വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ തല്‍പ്പര കക്ഷികള്‍ ശ്രമിക്കുന്നതായി ആരോപിച്ച് രാവിലെ കോണ്‍ഗ്രസും, എസ്ഡിപിഐ യും പിലാക്കാവില്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍