അന്വേഷണം നടത്തണം ;കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകണം ;ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്
വയനാട്ടില്‍ മിച്ചഭൂമി ക്രമവിരുദ്ധമായി കൈക്കലാക്കാന്‍ റവന്യൂ വകുപ്പ് കേന്ദ്രീകരിച്ച് ഒരു മാഫിയ സംഘം പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്ത ഞെട്ടല്‍ ഉളവാക്കുന്നതാണെന്നും വയനാട്ടില്‍ നടക്കുന്ന ഭൂമി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരുകള്‍ ഉയര്‍ന്നു വരുന്നത് ഖേദകരമാണെന്നും ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്.സത്യസന്ധമായി പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കൂടി അവമതിപ്പ് ഉണ്ടാക്കുന്നതാണ് ഇത്തരം ആരോപണങ്ങള്‍. അതുകൊണ്ട് തന്നെ നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവത്തോടെ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പണം വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ ഡെപ്യുട്ടി കളക്ടര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാവണം. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി ഉള്‍പ്പെട്ടിട്ടുള്ള പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അഴിമതിവിരുദ്ധ നിയമ പ്രകാരം കേസെടുക്കണമെന്നും ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു .അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചാണ് ഇടതുപക്ഷ മുന്നണി മുന്നോട്ട് പോകുന്നത് . എന്നാല്‍ ഇടതുപക്ഷ മുന്നണിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി സി.പി.ഐ യുടെ വയനാട് ജില്ലയിലെ നേതാക്കള്‍ പ്രവര്ത്തിക്കുന്നുന്നുണ്ടോ എന്ന് സിപിഐയുടെ സംസ്ഥാന നേതൃത്വം പരിശോധിച്ച് നിലപാട് വ്യക്തമാക്കണം അദ്ദേഹം ആവശ്യപ്പെട്ടു.
പത്തു വര്‍ഷത്തിനിടയില്‍ വയനാട്ടില്‍ നടന്ന സര്‍ക്കാര്‍ ഭൂമി തരംമാറ്റം, മിച്ചഭൂമി പതിച്ച് നല്കല്, അധിക വില നല്കി നടന്ന സ്വകാര്യഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തിര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍