ആദിവാസി കുട്ടികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ച സംഭവം; അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം : ഡിവൈഎഫ്ഐ
പനമരം പഞ്ചായത്തിലെ നീര്‍വാരം ഹൈസ്കൂളിലെ ആദിവാസി കുട്ടികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . ഈ വിഷയത്തില്‍ കൃത്യമായ പരിശോധന നടത്തണം.പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തിവരുന്നത് . ആദിവാസി ജനവിഭാഗമുള്പ്പെടെയുള്ള പാവപ്പെട്ട ജനവിഭാഗത്തില്പെട്ടവരുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതികളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നത് . എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് നീര്‍വാരം സ്കൂളിലുണ്ടായ സംഭവം . ആദിവാസി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തേണ്ട അധികൃതര്‍ എന്ത് കൊണ്ട് കുട്ടികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം ഉറപ്പാക്കിയില്ല എന്നത് പരിശോധിക്കണം . സാമൂഹ്യമായി പിന്നോക്കം നില്ക്കുന്നവരുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ അധ്യാപക സമൂഹത്തിന് ബാധ്യതയുണ്ട് . ആ സാമൂഹ്യ ബാധ്യത നിറവേറ്റാന്‍ നീര്‍വാരം സ്കൂളിലെ അധ്യാപകര്‍ തയ്യാറായിട്ടുണ്ടോ എന്നത് ഗൗരവമായ വിഷയമാണ് . വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സംഭവത്തില്‍ പി ടി എ കമ്മിറ്റിക്കും ഉത്തരവാദിവാദിത്വമുണ്ട്. പിടിഎ കമ്മിറ്റി എന്ത് ഉത്തരവാദിത്തമാണ് ഈ സ്കൂളില്‍ നിര്‍വഹിക്കുന്നത് എന്നതും പ്രധാനപ്പെട്ടതാണ്.
പി ടി എ കമ്മിറ്റിയുടെ ഭാഗത്ത് നിന്നും തികഞ്ഞ അനാസ്ഥയുണ്ടായിട്ടുണ്ട് . ഇതെല്ലാം അന്വേഷണത്തിന്റെ ഭാഗമാക്കണം . ഇത്തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം . ഈ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ അധികൃതര്‍ തയ്യാറാകണം . പ്രസ്തുത വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു .
ഇത്തരത്തിലുള്ള സംഭവങ്ങള്‍ മറ്റേതെങ്കിലും സ്കൂളുകളില്‍ നടക്കുന്നുണ്ടോ എന്നതും പരിശോധിക്കണം . നൂറുശതമാനം വിജയം ഉറപ്പിക്കാനായി വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാതിരിക്കുന്ന ചില സ്കൂള്‍ അധികൃതരുടെ നിലപാട് അംഗീകരിക്കാനാവില്ല . ഇങ്ങനെയുള്ള നടപടി ഏതെങ്കിലും സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടോ എന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നേരിട്ട് സ്കൂളുകളിലെത്തിയും വിവരവകാശനിയമപ്രകാരവും കണക്കെടുക്കും .
ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളോടോപ്പം പൊതുസമൂഹത്തിന്റെ ഇടപെടലും ശ്രദ്ധയും ആവശ്യവുമാണ് .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍