പോണ്ടിച്ചേരി രജിസ്‌ട്രേഷനില്‍ നികുതി വെട്ടിപ്പ്: വയനാട്ടില്‍ രണ്ട് ആഡംബര വാഹനങ്ങള്‍ പിടികൂടി;നികുതിയിനത്തില്‍ 40 ലക്ഷത്തോളം ഈടാക്കും

കല്‍പ്പറ്റ:കേരളത്തിന് പുറത്തു രജിസ്റ്റര്‍ ചെയ്തു സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലും മോട്ടോര്‍ വാഹന വകുപ്പ് പരിശോധ കര്‍ശനമാക്കി.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 2 കോടിയോളം വിലമതിക്കുന്ന പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള റെയിഞ്ച് റോവര്‍ കാറും, 62 ലക്ഷം വിലയുള്ളതും പോണ്ടിച്ചേരി രജിസ്‌ട്രേഷ നായി നടപടി ക്രമങ്ങള്‍ നടന്നുവരുന്നതുമായ ബെന്‍സ് കാറുമാണ് പിടിച്ചെടുത്തത്. എം.വി.ഐ യൂസഫിന്റെ നേതൃത്വത്തിലാണ് ഇരു വാഹനങ്ങളും പിടിച്ചെടുത്തത്.രണ്ട് വാഹനങ്ങളില്‍ നിന്നുമായി 40 ലക്ഷത്തോളം പിഴയീടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കേരളത്തിനു പുറത്ത് വാഹനനികുതിയടച്ച് കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് കേരളത്തിലെ നികുതിയടച്ച് നടപടികളില്‍ നിന്ന് ഒഴിവാകാന്‍ പല തവണ ഇളവുകളോടെയുള്ള അവസരം നല്‍കിയിരുന്നു. എന്നാല്‍ നികതി അടയ്ക്കാന്‍ വാഹന ഉടമകള്‍ വിമുഖത തുടരുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 22 മുതല്‍ ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഗതാഗത കമ്മീഷണര്‍ പത്മകുമാര്‍ ആര്‍.ടി.ഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് വാഹനങ്ങള്‍ വയനാട് ആര്‍.ടി.ഒ അധികൃതര്‍ പിടിച്ചെടുത്തത്. ഇന്നലെ മുക്കം സ്വദേശിയുടെ രണ്ട് കോടിയോളം വിലവരുന്ന റെയ്ഞ്ച് റോവര്‍ കാര്‍ മീനങ്ങാടിയില്‍ വെച്ചാണ് പിടികൂടിയത്. 1. 37 കോടിയുടെ ഇന്‍ഷൂറന്‍സ് മൂല്യമുള്ള പ്രസ്തുത കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പോണ്ടിച്ചേരി രജിസ്‌ട്രേഷനില്‍ സംസ്ഥാനത്ത് തുടരുകയായിരുന്നു.
ഇത്തരം വാഹനങ്ങള്‍ക്ക് കേരളത്തില്‍ 30 ലക്ഷത്തോളം ടാക്‌സ് അടക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുക വഴി കേവലം ഒരു ലക്ഷം രൂപ മാത്രം ടാക്‌സ് നല്‍കുകയും കേരളത്തിന് ലഭിക്കേണ്ട നികുതി ഇല്ലാതാകുകയുമാണ് ചെയ്തിരിക്കുന്നത്.വാഹനം പിടികൂടിയ സ്ഥിതിക്ക് കേരളത്തില്‍ അടക്കേണ്ട ടാക്‌സ് തുകയായ 30 ലക്ഷത്തോളം അടയ്ക്കാമെന്ന് വാഹനത്തിന്റെ ഉടമ രേഖാമൂലം എഴുതി നല്‍കിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് വാഹനം വിട്ട് നല്‍കിയ ശേഷം തുടര്‍ നടപടി സ്വീകരിച്ച് വരികയാണ്.
സമാന രീതിയില്‍ മാനന്തവാടി വെച്ച് കഴിഞ്ഞ ദിവസം 62 ലക്ഷം വിലമതിക്കുന്ന ബെന്‍സും പിടികൂടിയിരുന്നു.പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്ന പ്രസ്തുത വാഹനത്തിന്റെ ഉടമകള്‍ നികുതിയിനത്തില്‍ 12.5 ലക്ഷം തിങ്കളാഴ്ച നല്‍കുമെന്ന രേഖാമൂലമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വാഹനം വിട്ടുനല്‍കുകയായിരുന്നു.വരും ദിനങ്ങളിലും അന്യസംസ്ഥന രജിസ്‌ട്രേഷനുമായി നികുതി വെട്ടിപ്പ് നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓപ്പണ്‍ ന്യൂസറെ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍